2

ഒരു ദിവസം മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ നിങ്ങൾക്ക് കഴിയുമോ? ബുദ്ധിമുട്ടായിരിക്കും അല്ലേ. ഇന്ന് ലോകത്തെ ഒട്ടുമിക്ക ജനങ്ങളുടെയും അവസ്ഥ ഇതുതന്നെയാണ്. ഫോൺ ഉപയോഗിക്കാൻ കഴിയാതെ വരികയോ റേഞ്ച് കിട്ടാതെ വരികയോ ചെയ്യുമ്പോൾ മാനസിക പിരിമുറുക്കം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് ഭൂരിഭാഗവും.

ഇത്തരത്തിൽ ഫോണിനും സമൂഹമാദ്ധ്യമങ്ങൾക്കും അടിമകളായി മാറുന്നവർക്ക് ജീവിതത്തിൽ ഒട്ടനവധി ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നത്. സോഷ്യൽ മീഡിയയിൽ നിരവധി കാര്യങ്ങൾ ഒരേ പ്രാധാന്യത്തോടെ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരുന്നതോടെ പ്രായഭേദമന്യേ നിങ്ങൾ ആശയക്കുഴപ്പത്തിലാകും. പിന്നീട് എന്തിനും ഏതിനും ഫോണിനെ ആശ്രയിക്കേണ്ട അവസ്ഥയിൽ എത്തിച്ചേരും. മാനസികമായുള്ള പ്രശ്നങ്ങൾ മാത്രമല്ല, ഇതുകൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും ഏറെയാണ്.

baby

വാശിയും ദേഷ്യവും വർദ്ധിപ്പിക്കുന്ന ഫോൺ

വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് അമിത ബുദ്ധിമുട്ടുണ്ടാക്കും, പ്രത്യേകിച്ചും കാഴ്ച സംബന്ധമായ പ്രശ്നങ്ങളുള്ളവരിൽ. തോളിനും കഴുത്തിനും വേദനയും അത് വർദ്ധിച്ച് തലവേദന, തലകറക്കം എന്നിവയ്ക്കും കാരണമാകാം. ഇത് വീണ്ടും വർദ്ധിച്ച് ഓക്കാനമുണ്ടാക്കാനും സാദ്ധ്യതയുണ്ട്. യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണിൽ നോക്കുന്നത് ഒഴിവാക്കിയാൽ ഈ പ്രശ്നം പരിഹരിക്കാം.

തീരെ ചെറിയ കുട്ടികൾ പോലും മൊബൈൽ ഫോൺ ഉപയോഗത്തിൽ പിന്നോട്ടല്ലെന്ന കാര്യമാണ് പല പഠനങ്ങളിലും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. കുട്ടികളുടെ പിണക്കങ്ങൾ ഒരു മൊബൈൽ ഫോൺ കൈയിൽ നൽകി എളുപ്പത്തിൽ പരിഹരിക്കുന്നത് സൗകര്യമാണെന്നാണ് രക്ഷാകർത്താക്കൾ കരുതുന്നത്. എന്നാൽ,​ ചെറു പ്രായത്തിൽ തന്നെ അമിതമായി ഫോൺ ഉപയോഗിക്കുന്നതിലൂടെ ആ ശീലം മുതിർന്നവർക്കുണ്ടാകുന്നതിനേക്കാൾ ദോഷമാകും കുഞ്ഞുങ്ങൾക്കുണ്ടാകുന്നത്. ഇത് കുട്ടികളുടെ കഴുത്തിനും നട്ടെല്ലിനും മസ്‌തിഷ്കത്തിനും മനസിനും വരെ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. ഇത്തരം കുഞ്ഞുങ്ങളിൽ നിർബന്ധബുദ്ധിയും വാശിയും ദേഷ്യവും വർദ്ധിക്കുകയും ചെയ്യുന്നു.

3

'സ്‌മാർട്ട് ഫോൺ സോമ്പികൾ'

സ്മാർട്ട് ഫോണുകൾ ആധിപത്യം പുലർത്തുന്ന ഈ കാലഘട്ടത്തിൽ അമിതമായ ഫോൺ ഉപയോഗത്തിന്റെ കെണികൾക്കെതിരെ മുന്നറിയിപ്പ് നൽകുന്ന ഒരു സൈൻബോർഡ് ബംഗളൂരു നഗരത്തിലെ പല വഴിയോരങ്ങളിലും ഉയർന്നു. 'സ്മാർട്ട് ഫോൺ സോമ്പികളെ സൂക്ഷിക്കുക' എന്നാണ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. ഈ ബോർഡിൽ സൂചിപ്പിച്ചിരിക്കുന്നത് പോലെ ഇന്ന് പലരും ഫോണിന്റെ അമിത ഉപയോഗം കാരണം 'സോമ്പി'കളായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് യാതൊരു വികാരവുമില്ലാതെ, ചുറ്റിലും എന്താണ് നടക്കുന്നതെന്ന് പോലും അറിയാതെ ഒന്നിനെപ്പറ്റിയും ഒരു ധാരണയില്ലാതെ അവർ നടക്കുകയാണ്. ഇങ്ങനെ പോയാൽ കേരളത്തിലും ഉടൻ തന്നെ ഇതുപോലുള്ള ബോർഡുകൾ നമുക്ക് കാണാൻ സാധിക്കും.

ഈ സൈൻബോർഡ് സമൂഹമാദ്ധ്യമങ്ങളിലും വ്യാപക പ്രചാരം നേടി. നിരവധിപേരാണ് ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ഒരുപാടുപേർ ഇതിനെ അനുകൂലിച്ചുകൊണ്ട് കമന്റുകളും രേഖപ്പെടുത്തി. രണ്ടുപേർ അലക്ഷ്യമായി റോഡ് മുറിച്ചുകടക്കുന്നതിന്റെ ചിത്രമാണ് ഈ സൈൻബോർഡുകളിലുള്ളത്. ഇതിനെ പ്രതികൂലിച്ചുകൊണ്ടും നിരവധിപേർ രംഗത്തെത്തി. ആധുനിക തലമുറയെ ഒന്നടങ്കം കുറ്റപ്പെടുത്തുന്ന രീതിയിലുള്ളതാണ് ഈ ബോർഡുകൾ എന്ന അഭിപ്രായവും ഉയർന്നു. ദിവസങ്ങൾക്കകം തന്നെ ഈ ചിത്രം വൈറലായി ദശലക്ഷക്കണക്കിന് ജനങ്ങളാണ് പോസ്റ്റ് കണ്ടിരിക്കുന്നത്.

1

മൊബൈൽ ലോകത്ത് അകപ്പെട്ടുപോയവർ

മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് അടിമപ്പെട്ടവർ മായാലോകത്ത് ജീവിക്കുന്നവരാണ്. ഒരു കാര്യം ശരിയായി ചിന്തിക്കുവാനോ മനസിലാക്കാനോ അതിനനുസരിച്ച് പ്രവർത്തിക്കാനോ അവർക്ക് സാധിക്കണമെന്നില്ല. മുറിയിൽ അടച്ചിരുന്നും വെളിച്ചമില്ലാത്തിടത്തും പുതപ്പിനുള്ളിലും ഭക്ഷണം കഴിക്കുമ്പോൾ പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ എത്രയും വേഗം പരിഹാരം കാണാൻ സാധിച്ചാൽ അത്രയും നല്ലത്.

വളരെ വിവേകത്തോടെ ഉപയോഗിച്ചാൽ മനുഷ്യന് വളരെ പ്രയോജനം ലഭിക്കുന്നതാണ് മൊബൈൽ ഫോൺ. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും മിതമായി ഉപയോഗിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്നും ഒരിക്കലും അവ ആവശ്യത്തിനേക്കാൾ കുറവോ കൂടുതലോ ആകാത്തവിധം മദ്ധ്യമമായിരിക്കണമെന്നും ആയുർവേദത്തിൽ പറയുന്നുണ്ട്. എന്നാൽ, മൊബൈൽ ഫോണിന്റെ ഉപയോഗം കാരണം കണ്ണും കാതും കഴുത്തും ബുദ്ധിയും മനസുമെല്ലാം അമിതമായ ഉപയോഗത്തിലാണ്. ശരീരത്തിന് വിശ്രമം ലഭിക്കാത്തതും അത് കാരണമുള്ള അമിതാലസ്യവും രോഗസാദ്ധ്യതയെ വർദ്ധിപ്പിക്കുന്നു.

നേരിട്ട് ബോദ്ധ്യമുള്ള കാര്യങ്ങൾ പോലും തന്റേതായ യുക്തി അനുസരിച്ച് വിലയിരുത്താൻ മൊബൈൽ ഫോൺ അടിമകൾ തയ്യാറല്ല. നമ്മളിൽ അത്രയേറെ സ്വാധീനം ചെലുത്തുന്ന ഒന്നായി ഫോൺ മാറിയിരിക്കുന്നു എന്നാണ് ഇതർത്ഥമാക്കുന്നത്. എത്രയും വേഗം ഫോണിന്റെ പിടിയിൽ നിന്നും സ്വയം രക്ഷപ്പെട്ടില്ല എങ്കിൽ ലോകം തന്നെ നശിച്ചുപോകുന്ന കാലം വിദൂരമല്ല.