
മൂന്നാർ: പശ്ചിമബംഗാൾ സ്വദേശിനിയായ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്ന് പ്രതികൾക്കും 90 വർഷം വീതം തടവുശിക്ഷ. ദേവികുളം അതിവേഗ കോടതിയാണ് ശിക്ഷവിധിച്ചത്. തിരുനൽവേലി വലവൂർ സ്വദേശി എസ് സുഗത് (20), തമിഴ്നാട് ബോഡി ധർമ്മപ്പെട്ടി സ്വദേശി എം ശിവകുമാർ (21), എസ്റ്റേറ്റ് പൂപ്പാറ ലക്ഷം കോളനിയിൽ പി സാമുവേൽ (21) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. 40,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. നാലാം പ്രതിയെ കോടതി വിട്ടയച്ചു.
കേസിലെ അഞ്ചും ആറും പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്. തൊടുപുഴ ജെജെ കോടതിയിലാണ് ഇവരുടെ കേസ് നടക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി സ്മിജു കെ ദാസാണ് ഹാജരായത്. 2022 മേയ് 29ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വൈകീട്ട് നാലരയോടെ പൂപ്പാറ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ തേയില തോട്ടത്തിലായിരുന്നു സംഭവം.
ബംഗാൾ സ്വദേശിനിയായ പെൺകുട്ടിയും സുഹൃത്തും ഓട്ടോയിലാണ് ഇവിടേക്ക് വന്നത്. സുഹൃത്തിനെ മർദിച്ച് ഓടിച്ച ശേഷം പതിനഞ്ചുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.