
തിരക്കുപിടിച്ച് ജോലിക്ക് ഓടി, തിരിച്ച് വന്ന് വീട്ടിലെ പണികളുമൊക്കെ ചെയ്യേണ്ടിവരുന്നവർക്ക് സൗന്ദര്യ സംരക്ഷണത്തിന് എവിടെ സമയം. തിരക്കുപിടിച്ചുള്ള ഈ ഓട്ടവും സ്ട്രസുമൊക്കെ മുടി കൊഴിയാൻ കാരണമാകുകയും ചെയ്യും. മാത്രമല്ല ഹോർമോൺ വ്യതിയാനവും കാലാവസ്ഥാ മാറ്റങ്ങളുമൊക്കെ മുടിയെ സ്വാധിനിക്കുന്ന ഘടകങ്ങളാണ്.
മുടി കൊഴിച്ചിൽ അകറ്റാനുള്ള മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അവയിലൊന്നാണ് കറുവപ്പട്ട. മഗ്നീഷ്യവും ആന്റി ഓക്സിഡന്റുകളുമൊക്കെ അടങ്ങിയിരിക്കുന്ന കറുവപ്പട്ട മുടി കൊഴിച്ചിലകറ്റാനും, വണ്ണം കുറയ്ക്കാനും പ്രമേഹം നിയന്ത്രിക്കാനുമൊക്കെ അത്യുത്തമമാണ്.
ചെറു തീയിൽ ചീനച്ചട്ടിയിൽ 1/4 കപ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ചൂടാക്കുക. ഇളം ചൂടാകുമ്പോൾ അടുപ്പിൽ നിന്ന് മാറ്റണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കറുവപ്പട്ട പൊടിച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ ഹെയർമാസ്ക് ശിരോചർമത്തിൽ നന്നായി തേച്ചുകൊടുക്കാം. മുടിയിഴകളിലും ഇത് തേച്ചുകൊടുക്കാം. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകിക്കളയാം.
ഈ ഹെയർമാസ്ക് ശിരോചർമത്തിൽ രക്തചംക്രമണം കൂട്ടുന്നു. ഇതുവഴി മുടി കൊഴിച്ചിൽ മാറും. കൂടാതെ താരനെയും അകറ്റാൻ സാധിക്കും. ഒറ്റ ദിവസം കൊണ്ട് മുടികൊഴിച്ചിൽ പൂർണമായും മാറുമെന്ന് പ്രതീക്ഷിക്കരുത്. എണ്ണയ്ക്ക് പകരം തൈര് ഉപയോഗിച്ചാലും കുഴപ്പമില്ല. ഒരു കാര്യം ശ്രദ്ധിക്കുക പാച്ച് ടെസ്റ്റ് ചെയ്‌ത് അലർജിയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ തലയിൽ തേക്കാവൂ.