
സാധാരണക്കാർക്ക് വലിയ ആശ്വാസമായ സപ്ളൈകോയിൽ സാധനങ്ങൾ ലഭ്യമല്ലാതാകാൻ തുടങ്ങിയിട്ട് മാസങ്ങളായി. ഇതിനുപുറമെ സാധാരണക്കാരുടെ കീശ കാലിയാക്കി അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ച് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം നേരിടുന്നത് വൻ തിരിച്ചടിയാണ് നൽകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം അരിവിലയും വർദ്ധിക്കുകയാണ്.
കുത്തരിയുടെ കുറഞ്ഞ ചില്ലറ വില 56 രൂപയായി ഉയർന്നു. രണ്ടാഴ്ച മുമ്പ് 54 രൂപയായിരുന്നു. പത്തുകിലോ അരിയ്ക്ക് ജി.എസ്.ടി ഉൾപ്പെടെ 590, 600 രൂപയാണ് ഇപ്പോഴത്തെ വിപണി വില. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് വില വർദ്ധനയ്ക്ക് കാരണം. എന്നാൽ, അവസരം മുതലെടുത്ത് ഇടനിലക്കാർ വില വർദ്ധിപ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഉഴുന്നിന് 150 രൂപയും, പരിപ്പിന് 100 രൂപയുമാണ് വില. ചെറുപയറിന് 140 വൻ പയർ 105, കടല 80, ഗ്രീൻപീസ് 110 എന്നിങ്ങനെയാണ് വില. വെളിച്ചെണ്ണ ബ്രാൻഡുകളുടെ വില 150 രൂപയ്ക്ക് മുകളിലാണ്. സബ്‌സിഡിയായി പകുതിയോളം വിലക്കുറവിലാണ് ഇവ ലഭിച്ചിരുന്നത്.
അരി വില ഇങ്ങനെ
ജയ : 46 രൂപ
സുരേഖ : 50 രൂപ
പച്ചരി : 42 - 45 രൂപ