
കൊച്ചുകുട്ടികൾ പാചകം ചെയ്യുന്നതിന്റെയും പാട്ടുപാടുന്നതിന്റെയും ഡാൻസ് കളിക്കുന്നതിന്റെയുമൊക്കെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ വിഴിഞ്ഞം തുറമുഖം മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യരുടെയും കോൺഗ്രസ് നേതാവ് ശബരീനാഥന്റെയും മകൻ മൽഹാന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
അമ്മയ്ക്ക് വേണ്ടി തണ്ണിമത്തൻ ജ്യൂസുണ്ടാക്കുകയാണ് കുഞ്ഞുമൽഹാൻ. മേശയിൽവച്ച് കത്തികൊണ്ട് തണ്ണിമത്തൻ കുഞ്ഞുകഷ്ണങ്ങളാക്കി. ശേഷം ഒരു പാത്രത്തിന് മുകളിൽ അരിപ്പ വച്ച് കുഞ്ഞുകൈകൊണ്ട് തണ്ണിമത്തൻ പിഴിഞ്ഞെടുക്കുകയാണ്. കുട്ടിയെ സഹായിക്കുന്ന അച്ഛമ്മയേയും വീഡിയോയിൽ കാണാം.
ജ്യൂസ് തയ്യാറാക്കിയ ശേഷം സ്‌നേഹത്തോടെ അമ്മയ്ക്ക് നൽകുകയാണ് മൽഹാൻ. അത് സന്തോഷത്തോടെ വാങ്ങി കുടിക്കുന്ന ദിവ്യ എസ് അയ്യരും വീഡിയോയിലുണ്ട്. തണ്ണിമത്തൻ ജ്യൂസ് ഇഷ്ടപ്പെട്ടെന്ന് മകനോട് പറയുകയും സ്‌നേഹ ചുംബനം നൽകുകയും ചെയ്യുന്നുണ്ട്.
ദിവ്യ എസ് അയ്യർ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ 'നമ്മടെ സ്വന്തം തണ്ണീർമത്തൻ ദിനങ്ങൾ' എന്ന അടിക്കുറിപ്പോടെ മൽഹാന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ ആറായിരത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തത്. നിരവധി പേർ ലൗ സിമ്പൽ കമന്റ് ചെയ്തിട്ടുണ്ട്.
ഇതിനുമുമ്പും കുഞ്ഞുമൽഹാന്റെ ക്യൂട്ട് വീഡിയോകൾ ദിവ്യ എസ് അയ്യർ പങ്കുവച്ചിട്ടുണ്ട്. അവയിൽ ചിലതൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. 2019 ലാണ് ശബരിനാഥൻ - ദിവ്യ ദമ്പതികൾ മൽഹാർ പിറന്നത്.