
ബൈക്ക് സ്വന്തമാക്കണമെന്നും ഒടിക്കണമെന്നും വർഷങ്ങൾക്ക് മുൻപ് സ്വപ്നംകണ്ട പെൺകുട്ടി. ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ സി.ആർ.പി.എഫിന്റെ കേരള അംഗങ്ങളിൽ സീനിയറായി ബൈക്ക് ഷോ 'നാരി ശക്തിയിൽ' ബൈക്ക് അഭ്യാസം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയയെും രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെയും ഞെട്ടിച്ചിരിക്കുകയാണ്.
കല്ലറ, മഹാദേവരുപച്ച കാവിൽവീട്ടിൽ തങ്കപ്പൻ- സുദേശിനി ദമ്പതികളുടെ മകളാണ് ആര്യ ടി.എസ്. കൂലിപ്പണിക്കാരായ അച്ഛന്റെയും അമ്മയുടെയും ഏക മകൾ. കുട്ടിക്കാലം മുതലേ സ്പോർട്സും സാഹസികതയും ഇഷ്ടം. ദില്ലിയിലെ കർത്തവ്യ പഥിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിന് സാക്ഷിയായി ഉണ്ടായിരുന്ന ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവർക്ക് മുന്നിൽ നാരി ശക്തിയിൽ പങ്കെടുത്ത് ആര്യ തന്റെ സാഹസികത തെളിയിച്ചപ്പോൾ അച്ഛനും അമ്മയും ശ്വാസം അടക്കിപ്പിടിച്ചാണ് വീട്ടിലെ ടെലിവിഷനിൽ ആ കാഴ്ചകണ്ടത്.
കല്ലറ ഗവ. ഹൈ സ്കൂളിലും മിതൃമ്മല ബോയ്സ് ഹൈ സ്കൂളിലുമായിരുന്നു ആര്യയുടെ വിദ്യാഭ്യാസം. സ്പോർട്സിൽ ഏറ്റവും ഇഷ്ടം ഹോക്കിയോടായിരുന്നു. സെൻട്രൽ ടീമിൽ വരെ സെലക്ഷൻ കിട്ടിയെങ്കിലും ഏക മകൾ തങ്ങളെ വിട്ട് ദൂരെ സ്ഥലങ്ങളിൽ പോകേണ്ടി വരുന്നതും അവളുടെ വിവാഹ ജീവിതവും ഓർത്ത് വീട്ടുകാർ ആ സ്വപ്നത്തിന് പൂർണവിരാമം ഇട്ടെങ്കിലും ആര്യയുടെ ഉള്ളിലെ സഹസികത കെടാതെ കിടന്നു.
ഇരുപതാമത്തെ വയസിൽ സി.ആർ.പി.എഫിൽ ജോലിക്ക് പ്രവേശിച്ചപ്പോൾ സഹസികതയെ കൂടി ഒപ്പം കൂട്ടി. ജോലിയിൽ പ്രവേശിച്ചു രണ്ട് വർഷം കഴിഞ്ഞപ്പോൾ സി.ആർ.പി എഫിന്റെ വനിതാ ബൈക്ക് അഭ്യാസ ടീമായ ഡെയർ ഡെവിൾസിൽ ജോയിൻ ചെയ്തു.
കന്യാകുമാരി മുതൽ കേവടിയ വരെ മോട്ടോർ ബൈക്ക് റാലിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുടെ മുന്നിൽ പ്രോഗ്രാം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. അതുവഴിയാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരമൊരുങ്ങിയത്. പ്രവാസിയായിരുന്ന ഭർത്താവ് ജിത്തു പ്രസാദും വീട്ടുകാരും ആര്യയുടെ സഹസികതയ്ക്ക് പൂർണ പിന്തുണയുമായി കൂടെയുണ്ട് .ഇപ്പോൾ 213ഡി കമ്പനി മണിപ്പൂരിൽ ആണ് ആര്യ ജോലി ചെയ്യുന്നത്.