
മുംബയ്: അർദ്ധ രാത്രി 2.30 ഓരോ അപ്പാർട്ട്‌മെന്റിന്റെയും മുൻവശത്ത് എത്തുന്ന യുവതികൾ കോളിംഗ് ബെൽ അടിച്ച് താമസക്കാരെ ഭയപ്പെടുത്തുന്നു. മുംബയിൽ നിന്നും പുറത്തുവന്ന ചില സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതോടൊപ്പം പലരെയും പേടിപ്പെടുത്തുന്നു. ചിലർ വീഡിയോ കണ്ടതിന് പിന്നാലെ ആശങ്കകൾ പങ്കുവയ്ക്കുകയാണ്. ചിലർ എന്താണ് സംഭവിച്ചതെന്ന ചോദ്യവും വീഡിയോയ്ക്ക് താഴെ ചോദിക്കുന്നുണ്ട്.
യുവതികളുടെ ഈ പ്രവർത്തി അപ്പാർട്ട്‌മെന്റിലെ വയോധികരായ താമസക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ടെന്ന് വീഡിയോ പങ്കുവച്ചയാൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. 55 മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരാണ് ഈ അപ്പാർട്ട്‌മെന്റുകളിൽ താമസിക്കുന്നത്. അടുത്തുള്ള ചില ഫ്ളാറ്റുകളിൽ കവർച്ചാ ശ്രമങ്ങളും കൊലപാതകങ്ങളും നടന്നതിനാൽ ഇവിടെ താമസിക്കുന്നവർ ആശങ്കയിലാണെന്ന് കുറിപ്പിൽ പറയുന്നു.
ഇതിനിടെയിലുള്ള യുവതികളുടെ ഈ പ്രവൃത്തി വലിയ ആശങ്കകൾക്കും കാരണമായി. കോളിംഗ് ബെൽ അടിച്ചത് കൂടാതെ പല വീടുകളും യുവതികൾ പുറത്തുനിന്ന് പൂട്ടി. ഇവർ മദ്യലഹരിയിലാണ് ഇങ്ങനെ ചെയ്തതെന്നാണ് കരുതുന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇവർക്കെതിരെ ഉയരുന്നത്. 'വാതിൽ പുറത്തുനിന്ന് പൂട്ടിയ പ്രവൃത്തി ഒരിക്കലും അംഗീകരിക്കാനാവില്ല, പ്രായമുള്ളവരാണ് അവർ. ഒരു പക്ഷേ ആ സമയത്ത് ഒരു തീപിടിത്തമുണ്ടായാൽ എന്തും ചെയ്യും, ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണം'- ഒരാൾ എക്സിൽ കുറിച്ചു.