bud

കൊച്ചി: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നാളെ അവതരിപ്പിക്കുന്ന രണ്ടാം മോദി സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും നികുതി സംവിധാനങ്ങൾ ലളിതമാക്കുന്നതിനും സമഗ്രമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വ്യവസായ, നിക്ഷേപ ലോകം. പൊതു തിരഞ്ഞെടുപ്പ് അടുത്തതിനാൽ ഇടക്കാല ബഡ്ജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാവില്ലെങ്കിലും വിവിധ പദ്ധതികൾക്കും മേഖലകൾക്കുമായി കൂടുതൽ പണം നീക്കി വെക്കുമെന്ന പ്രതീക്ഷ ശക്തമാണ്.

പി.എം കിസാൻ പദ്ധതി

പ്രധാനമന്ത്രി കിസാൻ സമ്മാന നിധിയിലൂടെ നൽകുന്ന പ്രതിവർഷം ലഭിക്കുന്ന ആനുകൂല്യം ആറായിരം രൂപയിൽ നിന്നും ഒൻപതിനായിരം രൂപയായി ഉയർത്തുമെന്നതാണ് പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ പ്രഖ്യാപനം.

പി.എം ആവാസ് യോജന

പ്രധാനമന്ത്രി ആവാസ യോജന പദ്ധതിയിലൂടെ ഭവന മേഖലയ്ക്കായി കൂടുതൽ പണം നീക്കിവെക്കുമെന്നാണ് പ്രതീക്ഷ. ഭവനരഹിതർക്ക് കുറഞ്ഞ നിർമ്മാണ ചെലവുകളുള്ള വീടുകൾ ലഭ്യമാക്കാൻ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചേക്കും.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

പൊതുതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായുള്ള വിഹിതത്തിൽ ഇത്തവണ ഗണ്യമായ വർദ്ധനയുണ്ടായേക്കും. കഴിഞ്ഞ ബഡ്ജറ്റിൽ പദ്ധതിയുടെ വിഹിതം ധനമന്ത്രി കുറച്ചിരുന്നു.

കാർഷിക, ഗ്രാമീണ മേഖലയ്ക്ക് ആനുകൂല്യങ്ങൾ

കാലാവസ്ഥാ വ്യതിയാനവും അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റവും മൂലം വലയുന്ന കാർഷിക, ഗ്രാമീണ മേഖലയ്ക്ക് ഉണർവ് പകരാൻ നിരവധി പദ്ധതികൾ ഇടക്കാല ബഡ്ജറ്റിൽ ഉൾപ്പെടുത്തിയേക്കും. വരുമാന കൈമാറ്റ പദ്ധതിയുടെ കാലാവധി നീട്ടുന്നതുൾപ്പെടെയുള്ള നടപടികളാണ് പ്രതീക്ഷിക്കുന്നത്. വളം സബ്സിഡി, വിള ഇൻഷ്വറൻസ് തുടങ്ങിയവയ്ക്കായും കൂടുതൽ പണം വകയിരുത്തിയേക്കും.

പ്രതീക്ഷയോടെ ചെറുകിട, ഇടത്തരം വ്യവസായ മേഖല

ആഗോള സാമ്പത്തിക മേഖലയ്ക്ക് മികച്ച ഉണർവ് പകരുന്ന ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ(എം.എസ്.എം.ഇ) പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇവരിൽ നിന്നും ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുന്ന കമ്പനികൾക്ക് നികുതി ഇളവ് നൽകാനുള്ള നിർദേശവും പരിഗണനയിലുണ്ട്.

ഇടത്തരക്കാർക്ക് നികുതി ഇളവുകൾ

ശമ്പളക്കാരായ ഇടത്തരക്കാർക്ക് ആശ്വാസം പകർന്ന് നികുതി സ്ളാബുകളിൽ മാറ്റം വരുത്താൻ ധനമന്ത്രി തയ്യാറായേക്കും. രണ്ട് രീതിയിലുള്ള നികുതി റിട്ടേണുകൾ നൽകുന്നവർക്കും ബാധകമാകുന്ന തരത്തിലാകും പുതിയ നിർദ്ദേശങ്ങളെന്ന് ധന വിദഗ്ദ്ധർ പറയുന്നു.