ship

ന്യൂഡൽഹി:അറബിക്കടലിൽ സൊമാലിയൻ കടൽകൊള്ളക്കാർ ബന്ദികളാക്കിയ 19 പാക് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തി. ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് സുമിത്രയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 36 മണിക്കൂറിനിടെ കടൽക്കൊള്ളക്കാർക്കെതിരെ ഐ.എൻ.എസ് സുമിത്ര നടത്തിയ രണ്ടാമത്തെ ഓപ്പറേഷനാണിത്.

സൊമാലിയയുടെ കിഴക്കൻ തീരത്തുനിന്ന് കൊള്ളക്കാർ റാഞ്ചിയ ഇറാൻ പതാകയുള്ള അൽന ഈമി എന്ന മത്സ്യബന്ധന ബോട്ടിലെ ജീവനക്കാരെ ബന്ദികളാക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെ വിവരം ലഭിച്ച ഐ.എൻ.എസ് സുമിത്ര സ്ഥലത്തെത്തി. അൽനഈമിയെ വളഞ്ഞു. സായുധരായ 11 കൊള്ളക്കാരാണ് ഉണ്ടായിരുന്നത്. ബന്ദികളെ വിട്ടയക്കണമെന്ന ഇന്ത്യൻ നാവികസേനയുടെ ആവശ്യത്തിന് കൊള്ളക്കാർ വഴങ്ങി. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തിയാണ് നാവിക സേന മടങ്ങിയത്.

കഴിഞ്ഞ ദിവസം ഏദൻ ഉൾക്കടലിൽ ഇമാൻ എന്ന ഇറാൻ മത്സ്യബന്ധന ബോട്ടും കടൽക്കൊള്ളക്കാർ ആക്രമിച്ചിരുന്നു. ഐ.എൻ.എസ് സുമിത്രയാണ് ബോട്ടിനെയും 17 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയത്.
ഇന്ത്യൻ മഹാസമുദ്രമേഖലയിൽ ഇന്ത്യൻ നേവിയുടെ കടൽക്കൊള്ള വിരുദ്ധ പട്രോളിങിന്റെ ഭാഗമായാണ് രണ്ട് രക്ഷാപ്രവർത്തനങ്ങളും നടന്നത്.

കടൽക്കൊള്ള

 തുടക്കം 16 വർഷം മുമ്പ്

 കൊള്ളക്കാർ ദരിദ്ര ആഫ്രിക്കൻ രാജ്യക്കാർ

 യമൻ, ഹൂതി പ്രതിസന്ധികളും കൊള്ളയ്ക്ക് കാരണം

 60 ശതമാനത്തിലേറെ സൊമാലിയക്കാർ

 ജിബൂട്ടി, എതോപ്യ, കെനിയ രാജ്യക്കാരും

 പ്രൊഫഷണൽ സംഘങ്ങൾ ആയുധ ധാരികൾ

 മത്സ്യബന്ധനം നഷ്ടമായപ്പോൾ കൊള്ള തൊഴിലാക്കി

 കടൽക്കൊള്ള എളുപ്പത്തിലുള്ള വലിയ വരുമാനമാർഗം

 കൊള്ളയടിച്ചും മോചനദ്രവ്യമായും പണം കൈക്കലാക്കും

സാമ്പത്തിക പ്രാധാന്യം

 സൂയസ് കനാൽ ചെങ്കടലിനെ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്ന കപ്പൽപ്പാത

 യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്ക് നൂറു കണക്കിന് ചരക്കുകപ്പലുകളുടെ യാത്ര

 15 വർഷം മുമ്പ് പാത സീ ഹൈ റിസ്‌ക് മേഖലയായി പ്രഖ്യാപിച്ചു

 ഇവിടെ അമേരിക്കയുടെ ഉൾപ്പെടെ നിരീക്ഷണ കപ്പലുകൾ

 ചരക്കുകപ്പലുകളുടെ സുരക്ഷയ്‌ക്ക് വൻസന്നാഹം

ഇന്ത്യയുടെ പങ്കും പ്രാധാന്യവും

 ഇന്ത്യൻ മഹാസമുദ്രത്തിനോട് ചേർന്ന പ്രദേശം

 തന്ത്രപരമായും രാജ്യരക്ഷയിലും പരമപ്രാധാന്യം

 ഇന്ത്യയിലേക്ക് ക്രൂഡ് ഓയിലും ചരക്കും എത്തുന്നു

 ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് കപ്പലുകളുടെ നിരീക്ഷണം