
കോട്ടയം: കേരളത്തിൽ കൊള്ളക്കാരനാണ് മുഖ്യമന്ത്രിയായിരിക്കുന്നതെന്നും എൽഡിഎഫും യുഡിഎഫും ഒരുതട്ടിലാണ് പ്രവർത്തിക്കുന്നതെന്നും പി സി ജോർജ്. കൊള്ളയ്ക്ക് കോൺഗ്രസ് കൂട്ടുനിൽക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിലെ എൽഡിഎഫും യുഡിഎഫും കണക്കാണ്. ഇവിടെ മനുഷ്യന് ജീവിക്കണമെങ്കിൽ ഇപ്പോൾ പ്രധാനമന്ത്രിയുടെ ഔദാര്യം വേണ്ട സ്ഥിതിയാണ്. മഹാകൊള്ളക്കാരൻ ഇവിടെ മുഖ്യമന്ത്രിയായി ഇരിക്കുന്നു. ആ കൊള്ളക്കാരന്റെ ബി ടീമായി വി ഡി സതീശനും. വ്യക്തിപരമായി സതീശനെ ഇഷ്ടമാണ്. എന്നാൽ രാഷ്ട്രീയമായി നോക്കുമ്പോൾ വലിയ കുഴപ്പമാണ്. ഇപ്പോൾ കേരളത്തിൽ ആകെ ഒരു പ്രതിപക്ഷമേയുള്ളൂ, അത് നമ്മുടെ ഗവർണറാണ്.
ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആദ്യം എതിർത്തത് ഞാനാണ്. പത്തുമുന്നൂറ് പൊലീസുകാരും കുറേ പെണ്ണുങ്ങളും, ഇപ്പുറത്ത് ഞാൻ ഒറ്റയ്ക്ക്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ ആയിരക്കണക്കിന് അയ്യപ്പൻമാർ എന്റെയൊപ്പം കൂടി. അന്ന് ആദ്യമായി സഹായത്തിനെത്തിയത് കെ സുരേന്ദ്രനാണ്. അന്ന് മുതലുള്ള ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് മത്സരിക്കുമോയെന്നത് അറിയില്ല. മത്സരിക്കണമെന്ന നിർബന്ധബുദ്ധിയുമായല്ല നിൽക്കുന്നത്. ബിജെപി നേതൃത്വം എന്ത് പറയുന്നുവോ അത് കേൾക്കും'- പി സി ജോർജ് പറഞ്ഞു.
നേരത്തെ പി സി ജോർജിന്റെ ജനപക്ഷം ബിജെപിയിൽ ചേരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പി സി ജോർജ് ബി ജെ പി കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും വിവരമുണ്ടായിരുന്നു. പി സി ജോർജിനൊപ്പം മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവരാണ് ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താനായി ഡൽഹിയിലെത്തിയത്. പ്രകാശ് ജാവദേക്കറും, കേന്ദ്രമന്ത്രി വി മുരളീധരനും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം.