
ലോക്‌സഭ തിരഞ്ഞെടുപ്പടുത്തതോടെ ഓട്ടത്തിലാണ് പാർട്ടികൾ. സീറ്റ് ചർച്ചകൾ പുരോഗമിക്കുന്നു. മത - സാമുദായിക പരിഗണനകളാണ് മദ്ധ്യകേരളത്തിൽ പ്രധാന ഘടകം. മദ്ധ്യകേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ വിലയിരുത്തുകയാണ് മുതിർന്ന ബി.ജെ.പി നേതാവ് ബി.രാധാകൃഷ്ണ മേനോൻ.
എൻ.ഡി.എയുടെ സാദ്ധ്യത?
മദ്ധ്യതിരുവിതാംകൂറിന്റെ സാമൂഹിക, സാമുദായിക ഘടകങ്ങളാണ് പശ്ചാത്തലം. കേന്ദ്ര സർക്കാരിന്റെ ഭരണ നേട്ട മദ്ധ്യകേരളത്തിൽ പ്രയോജനപ്പെടാതിരുന്നത് സാമുദായിക സമവാക്യം പാലിക്കാതെയുള്ള സ്ഥാനാർത്ഥി നിർണയമാണെന്ന് ദേശീയ നേതൃത്വം പഠിച്ചിട്ടുണ്ട്. മന്നവും ശങ്കറും പി.ടി.ചാക്കോയുമൊക്കെ സ്വാധീനിച്ച മദ്ധ്യതിരുവിതാംകൂറിന്റെ സാമുദായിക സന്തുലിതാവസ്ഥ സ്ഥാനാർത്ഥി നിർണയത്തിലുമുണ്ടായാൽ മുൻപെങ്ങുമില്ലാത്ത വിധം ഗുണകരമാവും.
ബി.ജെ.പി ക്രിസ്ത്യൻ വിഭാഗങ്ങളോട് അടുക്കുമ്പോൾ
ഞാൻ ബി.ജെ.പി ജില്ലാ പ്രസിന്റായിരിക്കെയാണ് കെ.എം.മാണിയുടെ കാലത്ത് കേരള കോൺഗ്രസുമായി രേഖാമൂലം ധാരണയുണ്ടാക്കി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി പി.കെ.സന്ധ്യയെ ജയിപ്പിച്ചത്. പിന്നീട് കെ.എം.മാണിയുമായി തെറ്റിപ്പിരിഞ്ഞ പി.സി.തോമസിനെ എൻ.ഡി.എയുടെ ഭാഗമാക്കാനായി. 2004 ൽ മൂവാറ്റുപുഴയിൽ നിന്ന് എൻ.ഡി.എയുടെ ആദ്യ എം.പിയായി പി.സി തോമസ് പാർലമെന്റിലെത്തി. രാഷ്ട്രീയത്തിൽ ആരോടും അയിത്തമില്ലെന്ന് തെളിയിക്കാൻ കഴിഞ്ഞു. അത്തവണ എൽ.കെ.അദ്വാനി പ്രചരണത്തിനെത്തിയത് ഹിന്ദുവോട്ടുകൾ പി.സി.തോമസിന് അനുകൂലമായി.
കോട്ടയത്തിന്റെയും, പത്തനംതിട്ടയുടെയും രാഷ്ട്രീയ സമവാക്യം
എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം, ഇതര ക്രൈസ്തവ വിഭാഗങ്ങൾ എന്നിവർക്കെല്ലാം സ്വാധീനമുള്ള മണ്ണാണ് രണ്ടിടങ്ങളിലേയും. ആറന്മുള പള്ളിയോടങ്ങളും വള്ളംകളിയെ ഇഷ്ടപ്പെടുന്നവരും എല്ലാ ഹൈന്ദവ വിഭാഗങ്ങളും ഒരേമനസോടെ പ്രവർത്തിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. അതേസമയം വിവിധ ക്രൈസ്തവ പ്രസ്ഥാനങ്ങളും. വിശ്വാസപരമായി ഏറെ പ്രാധാന്യമുണ്ട്. വിവിധ ഹിന്ദു ക്രിസ്ത്യൻ കൺവെൻഷനുകളും സത്രങ്ങളും സംഘടിപ്പിക്കുന്നത് അവരുടെ വിശ്വാസ പശ്ചാത്തലത്തിന്റെ തെളിവാണ്. ശബരിമല ആചാരം ജീവൻപോലെ കാക്കുന്നവരാണ്. ഈ സാഹചര്യത്തിൽ എല്ലാ മേഖലകളുമായും അടുപ്പമുള്ള സ്ഥാനാർത്ഥിയാവും ഉചിതം.
ഈ രണ്ട് മണ്ഡലങ്ങളിലും അങ്ങയുടെ പേരും കേൾക്കുന്നുണ്ടല്ലോ
സ്ഥാനാർത്ഥിത്വം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ബി.ജെ.പിയ്ക്ക് ഇത്രയും സ്വാധീനമുണ്ടാകുന്നതിന് മുൻപ് ഈ രണ്ട് മണ്ഡലങ്ങളിലും മികച്ച മത്സരം കാഴ്ചവയ്ക്കാനായതിൽ അഭിമാനമുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തും വ്യക്തി ബന്ധങ്ങളുണ്ട്. പത്തനംതിട്ട ഉൾപ്പെടുന്ന പൂഞ്ഞാർ എന്റെ അമ്മവീടാണ്.
ന്യൂനപക്ഷ പ്രീണനം സംബന്ധിച്ച എൻ.എസ്.എസ് ആശങ്കകൾ
നായർ പ്രതിനിധി സമ്മേളനത്തിൽ അദ്ദേഹം പങ്കുവച്ച ആശങ്ക ഒരു സമുദായത്തിന്റേതാണ്. സ്ഥാനാർത്ഥി നിർണയത്തിലടക്കം ഇക്കാര്യം പരിഗണിക്കുന്നത് ഗുണകരമാവും.
ജനപ്രതിധിയായില്ലെങ്കിലും സി.എസ്.ആർ ഫണ്ട് പ്രയോജനപ്പെടുത്തി
കൊച്ചിൻ ഷിപ്പ്യാഡ് ഡയറക്ടറായിരിക്കെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തൊട്ടാകെ 40 കോടിയോളം രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കാനായതിൽ അഭിമാനമുണ്ട്. വികസനത്തിൽ ജാതിയോ മതമോ രാഷ്ട്രീയമോ തടസമാവരുതെന്ന നരേന്ദ്രമോദിയുടെ കാഴ്ചപ്പാടാണ് നടപ്പാക്കിയത്.