c

ബ്രസ്സൽസ് : ഈ വർഷം ജുലൈ മുതൽ യൂറോപ്യൻ യൂണിയനിൽ ഉൾപ്പെടുന്ന 27 രാജ്യങ്ങളിൽ പുതുതായി രജിസ്റ്റർ ചെയ്യുന്ന എല്ലാ കാറുകളിലും സ്റ്റാൻഡേർഡ് ഫീച്ചറായി ഇവന്റ് ഡാറ്റ റെക്കോർഡർ (ഇ.ഡി.ആർ) സജ്ജീകരിച്ചിരിക്കണമെന്നു നിർദേശിച്ചു. വിമാനത്തിലുള്ള ബ്ലാക്ക് ബോക്സിനു തുല്യമായ ഉപകരണമാണ് ഇവന്റ് ഡാറ്റ റെക്കോർഡർ.

ഡ്രൈവർ സീറ്റിനു പുറമെ എട്ട് സീറ്റുകൾ വരെയുള്ള പാസഞ്ചർ കാറുകൾക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്.

3500 കിലോഗ്രാമിൽ കവിയാത്ത പിക്കപ്പ് ട്രക്കുകളിലും വാനുകളിലും ഇവന്റ് ഡാറ്റ റെക്കോർഡർ സജ്ജീകരിക്കണമെന്നു നിർദേശമുണ്ട്.

ഒരു അപകടം സംഭവിച്ചാൽ പലപ്പോഴും അതിന്റെ യഥാർഥ കാരണം ആരാണെന്നും എന്താണെന്നും കണ്ടെത്താൻ ബുദ്ധിമുട്ടാറുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ ഇവന്റ് ഡാറ്റ റെക്കോർഡർ സ്ഥാപിക്കുന്നതിലൂടെ സാധിക്കും.

വാഹനാപകടം സംഭവിച്ചാൽ ഈ ഉപകരണത്തിന്റെ സഹാത്തോടെ അധികൃതർക്ക് കാര്യങ്ങൾ കൃത്യമായി അറിയാൻ സാധിക്കും.

ഇവന്റ് ഡാറ്റ റെക്കോർഡറിൽ സംഭരിച്ചിരിക്കുന്ന ഡാറ്റ വിശകലനം ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.

അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പും സംഭവത്തിന് ശേഷം 0.3 സെക്കൻഡും ഈ ഉപകരണം നിർണായക വിവരങ്ങൾ രേഖപ്പെടുത്തും.

വേഗത, ബ്രേക്കിംഗ്, റോഡിലെ കാറിന്റെ സ്ഥാനം, ചെരിവ്, സുരക്ഷാ സംവിധാനങ്ങൾ എങ്ങനെ പ്രതികരിച്ചു തുടങ്ങിയ കാര്യങ്ങളും ഇവന്റ് ഡാറ്റ റെക്കോർഡർ രേഖപ്പെടുത്തും.

സാധാരണയായി എയർബാഗ് കൺട്രോൾ യൂണിറ്റിലാണ് ഇവന്റ് ഡാറ്റ റെക്കോർഡർ സ്ഥാപിക്കുന്നത്. ഇത് ആർക്കും ഓഫ് ചെയ്യാനും കഴിയില്ല