
പാട്ന: ബി.ജെ.പി പാളയത്തേക്ക് ചാടിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ബീഹാറിന് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സാമൂഹ്യ നീതി ലക്ഷ്യമിട്ടുള്ള ജാതി സർവേ നടത്താനുള്ള തീരുമാനത്തിന്റെ പേരിൽ ബി.ജെ.പി അദ്ദേഹത്തെ കുടുക്കിയതാണെന്നും പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ബീഹാറിലെ പൂർണിയ ജില്ലയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. സംസ്ഥാനത്ത് സാമൂഹ്യനീതി ഉറപ്പാക്കുകയെന്നത് 'ഇന്ത്യ" മുന്നണിയുടെ ഉത്തരവാദിത്വമാണ്. സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന് താൻ നിതീഷ് കുമാറിനോട് വ്യക്തമായി പറഞ്ഞിരുന്നു. അത് നടപ്പാക്കാൻ ആഗ്രഹിക്കാത്ത ബി.ജെ.പി രക്ഷപ്പെടാൻ നിതീഷിന് വഴിയൊരുക്കി. അദ്ദേഹത്തെ മുന്നണിക്ക് വേണ്ട.
അല്പം സമ്മർദ്ദമുണ്ടായപ്പോൾ അദ്ദേഹം ബി.ജെ.പി പാളയത്തെത്തി.
രാജ്ഭവനിൽ സത്യപ്രതിജ്ഞാ സമയത്ത് മറന്നുവച്ച ഷാൾ എടുക്കാൻ തിരിച്ചു ചെന്ന നിതീഷിനെ കണ്ട് വീണ്ടും മുന്നണി മാറ്റം സംശയിച്ച് ഗവർണർ ആശ്ചര്യപ്പെട്ടെന്നും രാഹുൽ പരിഹസിച്ചു. ആശയങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ചടങ്ങിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിച്ച കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു. തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഭൂരിപക്ഷ -ന്യൂനപക്ഷ കാർഡിനെതിരെ ജാഗ്രത വേണമെന്നും പറഞ്ഞു.
സമൂഹത്തിൽ പിന്നാക്ക വിഭാഗത്തിലുള്ള നിരവധിയാളുകളുണ്ട്. ദളിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഒ.ബി.സി വിഭാഗക്കാരാണ് കൂടുതലുള്ളത്. എന്നാൽ അവർ എത്ര പേരുണ്ടെന്നു ചോദിച്ചാൽ ഉത്തരമില്ല. അതിനായാണ് ജാതി സർവേ നടത്തേണ്ടത്. സാമൂഹ്യനീതിക്കു വേണ്ടിയുള്ള ആദ്യ പടിയാണത്. ബീഹാറിൽ സാമൂഹ്യനീതി ഉറപ്പാക്കും. സർവേ നടത്തരുതെന്ന ബി.ജെ.പി സമ്മർദ്ദത്തിൽ നിതീഷ് കുമാർ വീണു. സാമൂഹ്യനീതി നടപ്പാക്കാൻ ഇവിടെ അദ്ദേഹത്തിന്റെ ആവശ്യമില്ല- രാഹുൽ പറഞ്ഞു.
നിതീഷ് കുമാർ എൻ.ഡി.എയിലേക്കു ചുവടുമാറിയതിനു പിന്നിൽ രാഹുലുമായുള്ള പ്രശ്നമാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. 'ഇന്ത്യ"
മുന്നണിയുടെ കോ–ഓർഡിനേറ്ററാകാനുള്ള നിതീഷിന്റെ നീക്കത്തിന് തിരിച്ചടിയായത്
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കാമെന്ന രാഹുലിന്റെ നിലപാടാണ് നിതീഷിനു തിരിച്ചടിയായത്.