
തിരുവനന്തപുരം: ജനാധിപത്യ ദേശീയതയിൽ നിന്ന് മതദേശീയതയിലേക്ക് രാജ്യം അധ:പതിച്ചതായി ശശി തരൂർ എം.പി.ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്റെ വീക്ഷണത്തിൽ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റിന്റെ പ്രസക്തി അവഗണിച്ച് അധികാരങ്ങൾ മറ്റൊരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്ന നിലയിലേക്ക് ജനാധിപത്യ സംവിധാനം മാറ്റി മറിക്കപ്പെട്ടു.ഭരണകക്ഷിക്കു താത്പര്യമുള്ള ബില്ലുകൾ മാത്രമാണ് ലോക്‌സഭയിൽ ചർച്ചക്കു വരുന്നത്. അതാകട്ടെ ചർച്ച പോലും ചെയ്യാതെ പാസാക്കപ്പെടുകയാണ്. രാജ്യതാൽപര്യം മുൻ നിർത്തി പ്രതിപക്ഷം കൊണ്ടുവരുന്ന ബില്ലുകൾ മൃഗീയ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ തള്ളിക്കളയുന്ന പ്രവണത അപകടകരമാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമപ്രവർത്തകർ ബി. ജെ പിയുടെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞുവെന്നും തരൂർ പറഞ്ഞു.
ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജോൺ മുണ്ടക്കയം വിഷയ അവതരണം നടത്തി.