
റായ്‌പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 14 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ബീജാപൂർ- സുക് മ അതിർത്തിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽ മാവോയിസ്റ്ര് സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെക്കൻ ഗുഡെം ഗ്രാമത്തിന് സമീപം താത്‌കാലിക ക്യാമ്പ് തുറന്നിരുന്നു. കോബ്ര, എസ്.ടി.എഫ്, ഡി.ആർ.ജി സേനകൾ സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. ഇവിടെ പട്രോളിംഗ് നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ സേനയ്ക്കു നേരെ വെടിവയ്ക്കുകയും സേന തിരിച്ചടിക്കുകയും ചെയ്‌തു. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചു.
ഒരു മാസമായി പ്രദേശത്ത് മാവോവാദികളുടെ സാന്നിദ്ധ്യം വർദ്ധിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ക്യാമ്പ് സ്ഥാപിച്ച് പരിശോധന നടത്തിവന്നത്. പരിക്കേറ്റ 14 ജവാന്മാർ റായ്‌പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
2021ൽ ബീജാപൂർ- സുക്‌മ അതിർത്തിയിൽ മാവോവാദികളുമായുള്ള ഏറ്റുമുട്ടലിൽ 22 ജവന്മാർ വീരമൃത്യു വരിച്ചിരുന്നു.