virat

കേപ്ടൗൺ : മുൻപൊരിക്കൽ ഒരു ഇന്ത്യൻ പര്യടനത്തിലെ മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കൊഹ്‌ലി തന്റെ നേർക്ക് തുപ്പിയതായി വെളിപ്പെടുത്തി അടുത്തിടെ വിരമിച്ച ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡീൻ എൽഗർ. അന്ന് താരം വിരാടുമായി ഉടക്കിയതായും പിന്നീട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിൽ വിരാടിനൊപ്പം കളിച്ചിരുന്ന ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സ് സംസാരിച്ച് പ്രശ്നം അവസാനിപ്പിച്ചെന്നും ഒരു വീഡിയോ അഭിമുഖത്തിൽ എൽഗാർ പറഞ്ഞു. രണ്ട് വർഷത്തിന് ശേഷം വീണ്ടും കളിക്കാനെത്തിയപ്പോൾ വിരാട് തന്റെ അടുത്തുവന്ന് മാപ്പുപറഞ്ഞുവെന്നും അതിന് ശേഷം പുലർച്ചെ മൂന്നുമണിവരെ തന്നോടൊപ്പമിരുന്ന് മദ്യപിച്ചെന്നും എൽഗാർ വെളിപ്പെടുത്തിയിട്ടുണ്ട്.

ഏത് വർഷമാണ് സംഭവം നടന്നതെന്ന് എൽഗാർ കൃത്യമായി പറയുന്നില്ല. എന്നാൽ സംഭാഷണത്തിലെ സൂചനകൾ അനുസരിച്ച് 2015ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെയാകാനാണ് സാദ്ധ്യത. താൻ ബാറ്റ് ചെയ്യാനായി എത്തിയപ്പോൾ ബൗളർ ജഡേജയ്ക്കടുത്ത് നിന്ന വിരാട് തുപ്പുകയായിരുന്നുവെന്ന് എൽഗാർ പറഞ്ഞു. ഇത് തന്നെ ചൊടിപ്പിച്ചു. തെറിവാക്ക് വിളിച്ചാണ് വിരാടിനോട് പ്രതികരിച്ചത്. അതിന് ശേഷം മനസിൽ വിരാടിനോട് ദേഷ്യമായിരുന്നു. തന്നിൽ നിന്ന് ഇക്കാര്യമറിഞ്ഞ ഡിവില്ലിയേഴ്സ് വിരാടുമായി സംസാരിക്കുകയായിരുന്നു. ആർ.സി.ബി താരമായിരുന്ന ഡിവില്ലിയേഴ്സും വിരാടും തമ്മിൽ വലിയ സൗഹൃദമായിരുന്നുവെന്നും എൽഗാർ പറഞ്ഞു. ഡിവില്ലിയേഴ്സിന്റെ വാക്ക് കേട്ടാണ് വിരാട് തന്റെ അടുക്കൽ മാപ്പുപറയാനെത്തിയതെന്നും എൽഗാർ പറഞ്ഞു. അതിന് ശേഷം തങ്ങൾ വലിയ സൗഹൃദത്തിലായിരുന്നുവെന്നും എൽഗാർ പറഞ്ഞു.

ഈ മാസമാദ്യം ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് എൽഗാർ വിരമിച്ചത്. അവസാന ടെസ്റ്റിൽ എൽഗാർ പുറത്തായപ്പോൾ സഹതാരങ്ങളോട് വിക്കറ്റ് ആഘോഷം വേണ്ടെന്ന് ആവശ്യപ്പെട്ട് വിരാട് ബഹുമാനം കാട്ടിയിരുന്നു.