assembly

തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. പേരിനെങ്കിലും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ തയ്യാറായ പ്രതിപക്ഷത്തെ ആദരിക്കണമെന്നായിരുന്നു റോജി എം ജോണ്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിനുള്ള കടകംപള്ളിയുടെ മറുപടി.

കേന്ദ്രത്തെ പേരിനെങ്കിലും വിമര്‍ശിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചില്ലിട്ട് സൂക്ഷിക്കണം. എല്ലാവരും എഴുന്നേറ്റ് നിന്ന് പ്രതിപക്ഷത്തെ ആദരിക്കാന്‍ തയ്യാറാകണമെന്നും കടകംപള്ളി പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് പ്രതിപക്ഷം വിമര്‍ശിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ നയമാണ് സംസ്ഥാനത്തെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയതെന്നാണ് കടകംപള്ളി മറുപടിയില്‍ പറഞ്ഞത്. സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതിപ്പണം വെട്ടിക്കുറയ്ക്കാന്‍ മോദി ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിലെ മുന്‍ ജോയിന്റ് സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചും കടകംപള്ളി പ്രസംഗത്തില്‍ പറഞ്ഞു.

രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ പ്രമേയം തള്ളിയതായി സ്പീക്കര്‍ സഭയെ അറിയിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ജിഎസ് ടി വന്നശേഷം നികുതി പരിഷ്‌ക്കരിച്ചില്ല, നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളം മാറിയെന്നും പ്രതിപക്ഷം ആരോപിച്ചു.

കേന്ദ്ര നയം ഒരു കാരണമാണെങ്കിലും പ്രതിസന്ധിയുടെ പ്രധാന ഉത്തരവാദി സംസ്ഥാനമെന്ന് വിമര്‍ശിച്ചായിരുന്നു പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതികരണങ്ങള്‍.എന്നാല്‍, 32000 കോടി കിട്ടാനുണ്ടെന്നാണ് കേന്ദ്രത്തിന് അയച്ച കത്തില്‍ സര്‍ക്കാര്‍ പറയുന്നത്. 5132 കോടിയാണ് കേന്ദ്രം തടഞ്ഞുവെച്ചതെന്നാണ് മുന്‍ധനമന്ത്രിയും സഭയില്‍ പറഞ്ഞത്.

എന്നാല്‍, ഇത് മറച്ചുവെച്ച് 57000 കോടിയെന്നാണ് പുറത്തുപ്രചരിപ്പിക്കുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഓട പണിയാന്‍ പോലും കാശില്ലെന്നും സതീശന്‍ പരിഹസിച്ചു.നവകേരളസദസ്സും കേരളീയവും ക്ലിഫ് ഹൗസിലെ നവീകരണവുമെല്ലാം പറഞ്ഞായിരുന്നു പ്രതിപക്ഷത്തിന്റെ ധൂര്‍ത്താരോപണം.