
ലണ്ടൻ : ടെന്നിസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കാഡ് സ്വന്തം പേരിലേക്ക് മാറ്റിയെഴുതി രഇന്ത്യൻ ഡബിൾസ് താരം രോഹൻ ബൊപ്പണ്ണ. മാത്യു എബ്ഡനൊപ്പം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് കിരീടം നേടിയ രോഹൻ ടൂർണമെന്റിന്റെ സെമിയിൽ എത്തിയപ്പോൾ തന്നെ ഒന്നാം റാങ്ക് ഉറപ്പിച്ചിരുന്നു. ഇന്നലെ പുതിയ എ.ടി.പി റാങ്കിംഗ് പുറത്തു വന്നതോടെയാണ് ഒൗദ്യോഗികമായി രോഹന്റെ പേര് റെക്കാഡ് ബുക്കിൽ ഇടം പിടിച്ചത്. 2022 ഒക്ടോബറിൽ തന്റെ 38-ാം വയസിൽ ഒന്നാം റാങ്കിലെത്തിയ അമേരിക്കൻ താരം രാജീവ് റാമിന്റെ റെക്കോഡാണ് ബൊപ്പണ്ണ മറികടന്നത്.
ഓപ്പൺകാലഘട്ടത്തിൽ(1968 ന് ശേഷം) ഗ്രാൻസ്ളാം ജേതാവാകുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമെന്ന താരമെന്ന റെക്കാഡും ബൊപ്പണ്ണ സ്വന്തം പേരിലാക്കി. ബൊപ്പണ്ണയുടെ കരിയറിലെ രണ്ടാം ഗ്രാൻസ്ളാം നേട്ടവും ആദ്യ പുരുഷ ഡബിൾസ് ഗ്രാൻസ്ളാം നേട്ടവുമായിരുന്നു ഇത്. 2017ൽ കാനഡയുടെ ഗബ്രിയേല ഡബ്രോവ്‌സ്‌കിക്കൊപ്പം ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടമായിരുന്നു ആദ്യത്തേത്.