
ഐ.എസ്.എൽ ഫുട്ബാൾ മത്സരങ്ങൾ ഇന്നുമുതൽ പുനരാരംഭിക്കുന്നു
ഇന്നത്തെ മത്സരം ജംഷഡ്പുരും നോർത്ത് ഈസ്റ്റും തമ്മിൽ
കേരള ബ്ളാസ്റ്റേഴ്സ് വെള്ളിയാഴ്ച ഒഡീഷയ്ക്ക് എതിരെ
റാഞ്ചി : ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ പുനരാരംഭിക്കുന്നു. ഖത്തറിൽ നടന്ന ഏഷ്യൻ കപ്പും ഭുവനേശ്വറിൽ നടന്ന സൂപ്പർ കപ്പും പ്രമാണിച്ചാണ് ഐ.എസ്.എൽ മത്സരങ്ങൾ നിറുത്തിവച്ചിരുന്നത്. ഇന്ന് റാഞ്ചിയിൽ ജംഷഡ്പുർ എഫ്.സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരത്തോടെയാണ് രണ്ടാം ഘട്ടത്തിന് തുടക്കമാവുക. നാളെ ഹൈദരാബാദ് എഫ്.സിയും എഫ്.സി ഗോവയും ഏറ്റുമുട്ടും. വെള്ളിയാഴ്ചയാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ഭുവനേശ്വറിൽ നടക്കുന്ന മത്സരത്തിൽ ഒഡിഷ എഫ്.സിയെയാണ് ബ്ളാസ്റ്റേഴ്സ് നേരിടുക.
12 മത്സരങ്ങൾ കളിച്ച ബ്ളാസ്റ്റേഴ്സാണ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്ത്. 26 പോയിന്റാണ് ബ്ളാസ്റ്റേഴ്സിനുള്ളത്. 10 കളികളിൽ നിന്ന് 24 പോയിന്റുമായി എഫ്.സി ഗോവ രണ്ടാമതുണ്ട്. 12കളികളിൽ നിന്ന് 24 പോയിന്റുമായി ഒഡിഷ മൂന്നാം സ്ഥാനത്താണ്. ഒരു ടീമിന് പ്രാഥമിക റൗണ്ടിൽ 22 മത്സരങ്ങളാണുള്ളത്. ബ്ളാസ്റ്റേഴ്സിന് 10 മത്സരങ്ങൾ ബാക്കിയുണ്ട്. പോയിന്റ് പട്ടികയിൽ ആദ്യ നാലുസ്ഥാനത്തെത്തുന്ന ടീമുകളാണ് പ്ളേ ഓഫിൽ കളിക്കുക.
പോയിന്റ് ടേബിൾ
(ടീം, കളി,ജയം,സമനില,തോൽവി പോയിന്റ് ക്രമത്തിൽ )
കേരള ബ്ളാസ്റ്റേഴ്സ് 12-8-2-2-26
എഫ്.സി ഗോവ 10-7-3-0-24
ഒഡിഷ എഫ്.സി 12-7-3-2-24
മുംബയ് സിറ്റി 11-6-4-1-22
മോഹൻ ബഗാൻ 10-6-1-3-19
നോർത്ത് ഈസ്റ്റ് 12-2-6-4-12
ചെന്നൈയിൻ 12-3-3-6-12
ഈസ്റ്റ് ബംഗാൾ 10-2-5-3-11
ബംഗളുരു എഫ്.സി 12-2-5-5-11
ജംഷഡ്പുർ 12-2-3-7-9
പഞ്ചാബ് 12-1-5-6-9
ഹൈദരാബാദ് 11-0-4-7-4