
കുവൈറ്റ് സിറ്റി: മലയാളി പ്രവാസികൾക്ക് ഉൾപ്പെടെ തിരിച്ചടിയായി കുവൈറ്റിന്റെ പുതുക്കിയ ഫാമിലി വിസ നിയമം. പുതുക്കിയ നിയമപ്രകാരം ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു മാത്രമാണ് ഫാമിലി വിസയിൽ കുവൈറ്റിൽ പ്രവേശിക്കാൻ സാധിക്കൂ. ഇതോടെ ഫാമിലി വിസയിൽ മാതാപിതാക്കളും സഹോദരങ്ങളും കൊണ്ടുവരാൻ സാധിക്കില്ല. പരിഷ്കരിച്ച വിസ നിയമം പ്രാബല്യത്തിലായതിന്റെ ആദ്യദിനത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് കുവൈറ്റ് അധികൃതർ. പരിഷ്കരിച്ച വിസ നിയമം കഴിഞ്ഞ ദിവസം ആണ് പ്രാബല്യത്തിൽ വന്നത്.
ആദ്യദിനത്തിൽ 1165 അപേക്ഷകളാണ് അധികൃതർ തള്ളിയത്. ഇതിൽ ഏറെയും മാതാപിതാക്കളെ കുവൈത്തിലേക്ക് കൊണ്ടുവരാനുള്ള അപേക്ഷകളായിരുന്നു. അപേക്ഷകൾ വരും ദിവസങ്ങളിൽ കൂടുതൽ തള്ളാനാണ് സാധ്യത. കുടുംബത്തെ കൊണ്ടുവരാമെന്നുള്ള പലരുടേയും മോഹം ഇതോടെ അവസാനിക്കും.
അതേസമയം, ഭാര്യയെയും മക്കളെയും കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല. വിവാഹ, ജനന, ബിരുദ സർട്ടിഫിക്കറ്റുകൾ, രാജ്യങ്ങളിലെ കുവൈറ്റ് എംബസിയിൽ നിന്നും കുവൈറ്റിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും അറ്റസ്റ്റ് ചെയ്ത രേഖകൾ എന്നിവയാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. ബിരുദവും 800 ദിനാർ ശമ്പളവും (ഏകദേശം 2,16000 രൂപ) ബിരുദത്തിനനുസരിച്ചുള്ള ജോലിയും ചെയ്യുന്ന വിദേശികൾക്കു മാത്രം ഫാമിലി വിസ നൽകിയാൽ മതി എന്നാണ് പുതിയ തീരുമാനം. ഫാമിലി വിസിറ്റ് വിസ ലഭിക്കണം എങ്കിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം.