
അണ്ടർ -19 ലോകകപ്പ് സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ കിവീസിനെ 214 റൺസിന് തോൽപ്പിച്ച് ഇന്ത്യ
ഇന്ത്യ 295/8 , കിവീസ് 81 റൺസിന് ആൾഔട്ട്
മുഷീർ ഖാന് സെഞ്ച്വറി (131), സൗമി പാണ്ഡെയ്കക്ക് നാലുവിക്കറ്റ്
ടൂർണമെന്റിൽ ഇന്ത്യ 200 റൺസിലേറെ മാർജിനിൽ ജയിക്കുന്നത് തുടർച്ചയായ മൂന്നാം മത്സരത്തിൽ
ബ്ളൂംഫൊണ്ടേയ്ൻ : ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ -19 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പർ സിക്സ് റൗണ്ടിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയം നേടി ഇന്ത്യൻ കൗമാരതാരങ്ങൾ. ഇന്നലെ ന്യൂസിലാൻഡിനെ 214 റൺസിന് തകർത്തെറിയുകയായിരുന്നു ഇന്ത്യ. ബ്ളൂംഫൊണ്ടേയ്നിൽ ആദ്യ ബാറ്റിംഗിനിറങ്ങി നിശ്ചിത 50 ഓവറിൽ 295/8 എന്ന സ്കോറുയർത്തിയ ഇന്ത്യ കിവീസിനെ 28.1 ഓവറിൽ വെറും 81 റൺസിന് കിവീസിനെ ചുരുട്ടിക്കെട്ടി.
സെഞ്ച്വറി നേടിയ മുഷീർ ഖാന്റെയും (131) അർദ്ധസെഞ്ച്വറി നേടിയ ഓപ്പണർ ആദർശ് സിംഗിന്റെയും(52) മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്. നാലുവിക്കറ്റ് വീഴ്ത്തിയ സൗമി പാണ്ഡേയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ രാജ് ലിംബാനിയും മുഷീർ ഖാനും ഒരു വിക്കറ്റ് വീഴ്ത്തിയ അർഷിൻ കുൽക്കർണിയും ചേർന്നാണ് കിവീസിനെ എറിഞ്ഞിട്ടത്. ആൾറൗണ്ട് മികവ് കാട്ടിയ മുഷീർ മാൻ ഒഫ് ദ മാച്ചായി.
ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.ടീം അഞ്ചാം ഓവറിൽ സ്കോർ 28ൽ നിൽക്കവേ ഓപ്പണർ അർഷിനെ ഇന്ത്യയ്ക്ക് നഷ്ടമായി. തുടർന്ന് കളത്തിലെത്തിയ മുഷീർ ആദർശിനൊപ്പം രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തത് 77 റൺസാണ്. തുടർന്നിറങ്ങിയ ക്യാപ്ടൻ ഉദയ് സഹാരണും (34) മുഷീറും ചേർന്ന് മൂന്നാം വിക്കറ്റിൽ 87 റൺസ് കൂട്ടിച്ചേർത്തു. ഉദയ് 192ൽ വച്ച് പുറത്തായശേഷം ഒരു വശത്ത് ഒറ്റയ്ക്ക് പൊരുതിയ മുഷീർ 47.3 ഓവറിൽ 275/6 എന്ന സ്കോറിൽ എത്തിച്ച ശേഷമാണ് പുറത്തായത്. 126 പന്തുകൾ നേരിട്ട മുഷീർ 13 ഫോറുകളും മൂന്ന് സിക്സുകളും പായിച്ചു.
മറുപടിക്കിറങ്ങിയ കിവീസിന്റെ ആദ്യ വിക്കറ്റ് ആദ്യ പന്തിൽതന്നെ ലിംബാനി വീഴ്ത്തിയിരുന്നു. പിന്നീട് കിവീസ് വിക്കറ്റുകൾ പൊഴിഞ്ഞുകൊണ്ടേയിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തിൽ രണ്ടാം വിക്കറ്റും ലിംബാനി സ്വന്തമാക്കി. 39 റൺസിലെത്തിയപ്പോഴേക്കും അവർക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായി. 19 റൺസെടുത്ത നായകൻ ഓസ്കാർ ജാക്സണാണ് കിവീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ടൂർണമെന്റിൽ ഇന്ത്യ 200 റൺസിലേറെ മാർജിനിൽ ജയിക്കുന്നത്. പ്രാഥമിക റൗണ്ടിൽ അമേരിക്കയേയും അയർലാൻഡിനെയും 201 റൺസിനാണ് തോൽപ്പിച്ചത്. വെള്ളിയാഴ്ച നേപ്പാളിനെതിരെയാണ് അടുത്ത മത്സരം.
മുഷീർ ഖാൻ
ടൂർണമെന്റിലെ മുഷീർ ഖാന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറിയും തുടർച്ചയായ മൂന്നാം 50+ സ്കോറുമാണിത്.
131 Vs ന്യൂസിലാൻഡ്
73 Vs അമേരിക്ക
118 Vs അയർലാൻഡ്