
അഗര്‍ത്തല: വിമാനത്തിനുള്ളില്‍ വെച്ച് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ പ്രവേശിച്ചതിന് പിന്നാലെ കടുത്ത തൊണ്ട വേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ട താരത്തെ അഗര്‍ത്തലയിലെ ഐഎല്‍എസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയില്‍ തുടരുകയാണ് കര്‍ണാടക രഞ്ജി ടീം ക്യാപ്റ്റന്‍ കൂടിയായ അഗര്‍വാള്‍.
താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ചില പരിശോധനകള്‍ നടത്തിയെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഷാവിര്‍ താരാപോര്‍ പറഞ്ഞു. സഹതാരങ്ങള്‍ക്കൊപ്പം അഗര്‍ത്തലയില്‍ നിന്ന് ഡല്‍ഹി വഴി രാജ്‌കോട്ടിലേക്ക് പോകാന്‍ വിമാനത്തില്‍ കയറിയതിന് പിന്നാലെയാണ് അഗര്‍വാളിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
ത്രിപുരയ്‌ക്കെതിരെ 29 റണ്‍സിന് വിജയിച്ച ശേഷം രാജ്‌കോട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കര്‍ണാടക ടീം. മത്സരത്തില്‍ അഗര്‍വാള്‍ 51, 17 എന്നിങ്ങനെ സ്‌കോര്‍ ചെയ്യുകയും ചെയ്തു. സൗരാഷ്ട്രയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ മായങ്ക് അഗര്‍വാള്‍ കളിക്കില്ല. 33 കാരനായ അഗര്‍വാള്‍ ഇന്ത്യക്കായി 21 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. താരത്തിന്റെ ആരോഗ്യ വിവരങ്ങള്‍ അറിയുന്നതിനായി രണ്ട് പ്രതിനിധികളെ അഗര്‍ത്തലയിലേക്ക് അയച്ചിട്ടുണ്ടെന്നും താരാപോര്‍ പറഞ്ഞു.