sp

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ 16 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് പ്രഖ്യാപിച്ചത്.

അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് സിറ്റിംഗ് മണ്ഡലമായ മെയിന്‍പുരിയില്‍ നിന്ന് ജനവിധി തേടും. യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമാണ് മെയിന്‍പുരി. 2019ല്‍ മുലായം സിംഗ് യാദവാണ് ഇവിടെ നിന്ന് വിജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 2022ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മരുമകള്‍ ഡിംപിള്‍ 2,88,461 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

2019ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 94,389 വോട്ടുകാളായിരുന്നു മുലായം സിംഗ് യാദവിന്റെ ഭൂരിപക്ഷം. ഷെഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് സംഭാലില്‍ നിന്നും, മുന്‍ മന്ത്രി രവിദാസ് മെഹ്‌റോത്ര തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്നും മത്സരിക്കും. നിലവില്‍ ലക്‌നൗ സെന്‍ട്രല്‍ മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയാണ് മെഹ്റോത്ര. ഫിറോസാബാദ് മണ്ഡലത്തില്‍ നിന്നാണ് അക്ഷയ് യാദവ് ജനവിധി തേടുന്നത്.

ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് വേണ്ടി 11 സീറ്റുകള്‍ മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം അഖിലേഷ് യാദവ് പറഞ്ഞിരുന്നു. ബിഹാറില്‍ നിതീഷ് കുമാര്‍ മുന്നണി വിട്ട് എന്‍ഡിഎക്ക് ഒപ്പം പോകുകയും ബംഗാളില്‍ മമത ഒറ്റയ്ക്ക് തന്റെ പാര്‍ട്ടി മത്സരിക്കുകയും ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് അഖിലേഷ് കോണ്‍ഗ്രസിനായി സീറ്റ് മാറ്റിവെക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.

പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിരുന്നു. അതേസമയം, 16 പേരുടെ പട്ടിക പ്രഖ്യാപിച്ചതില്‍ 11 പേര്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നും മുസ്ലീം, ദളിത് വിഭാഗങ്ങളില്‍ നിന്നും താക്കൂര്‍ വിഭാഗത്തില്‍ നിന്നും ഓരോരുത്തരേയും എസ്.പി പരിഗണിച്ചിട്ടുണ്ട്.