
കൊച്ചി : വിവാഹ വിപണിയിലെ മാറുന്ന ട്രെൻഡുകൾ പരിചയപ്പെടുത്തുന്ന ലുലു വെഡിംഗ് ഉത്സവ് രണ്ടാം സീസണിന് ഇന്ന് കൊച്ചി ലുലു മാളിൽ തുടക്കമാകും. ചലച്ചിത്ര താരങ്ങളായ നമിത പ്രമോദ്, മാളവിക മേനോൻ, ദേവിക സഞ്ജയ്, മുബിൻ റാഫി എന്നിവർ ചേർന്ന് വെഡിംഗ് ഉത്സവിന്റെ ലോഗോ പ്രകാശനം ചെയ്തു.
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിവാഹ പ്രദർശനമായ വെഡിംഗ് ഉത്സവ് ഫെബ്രുവരി നാല് വരെ അഞ്ച് ദിവസങ്ങളിലായി നടക്കും. വിവാഹത്തിന്റെ ലൊക്കേഷൻ, സാരി, പൂക്കൾ, ഡെക്കറേഷൻ തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കിഴിൽ അണിനിരക്കും. വിവാഹ വസ്ത്രധാരണം, അലങ്കാരം, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കാറ്ററിംഗ് അടക്കം മാറുന്ന കാലത്തെ ട്രെൻഡുകൾ പരിചയപ്പെടുന്നതിനൊപ്പം വധുവരന്മാർക്ക് വെഡിംഗ് പ്ലാനർമാരുമായി നേരിട്ട് സംസാരിക്കാനും അവസരമുണ്ടാകും.
ലുലു ഇന്ത്യ സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, കൊമേഴ്‌സ്യൽ മാനേജർ സാദിഖ് കാസിം, ലുലു സെലിബ്രേറ്റ് ബിസിനസ് മേധാവി സിദ്ധാർത്ഥ് ശശാങ്കൻ, ലുലു മാൾ മാനേജർ വിഷ്ണു, ലുലു സെലിബ്രേറ്റ് മാർക്കറ്റിംഗ് മാനേജർ വൈഷ്ണവ് തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.