forest

പാലക്കാട്: കഞ്ചാവ് തോട്ടം തിരയുന്നതിനിടെ കേരള പൊലീസിന് വഴി തെറ്റി. സംഘം കൊടുംകാട്ടിനുള്ളില്‍ അകപ്പെട്ടു. കാട്ടിനുള്ളില്‍ കഞ്ചാവ് തോട്ടം കണ്ടുപിടിക്കുന്നതിനാണ് പാലക്കാട് അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘം പോയത്. മുക്കാലി ഫോറസ്റ്റ് സ്‌റ്റേഷനിലെ ജീവനക്കാരും പൊലീസിനൊപ്പമുണ്ട്.

വനത്തിനുള്ളിലെ കഞ്ചാവ് തോട്ടം തിരഞ്ഞാണ് ഇവര്‍ ഉള്‍വനത്തില്‍ എത്തിയത്. ഇതിനിടയില്‍ വഴി തെറ്റിയതോടെ കാട്ടില്‍ അകപ്പെടുകയായിരുന്നു. അതേസമയം, സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സംഘത്തോടൊപ്പമുണ്ടെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നുമാണ് പൊലീസ് അറിയിക്കുന്നത്.

തിങ്കളാഴ്ച രാത്രിയോടെയാണ് പൊലീസും വനം വകുപ്പിലെ ജീവനക്കാരും ഉള്‍പ്പെടുന്ന സംയുക്ത സംഘം സ്ഥിരം പരിശോധനയ്ക്കായി വനത്തിനുള്ളിലേക്ക് പോയത്. കൊടുംവനത്തിലകപ്പെട്ടെങ്കിലും സംഘത്തിലെ എല്ലാവരും സുരക്ഷിതരാണെന്നും ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് വിവരം.