
പട്‌ന: തൊഴിലിന് പകരം ഭൂമി അഴിമതിക്കേസില്‍ ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്തതിന് പിന്നാലെ മകന്‍ തേജസ്വി യാദവിനേയും ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ്. കേന്ദ്ര റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേ നിയമനങ്ങള്‍ക്കു പകരമായി ഉദ്യോഗാര്‍ഥികളില്‍നിന്നു തുച്ഛമായ വിലയ്ക്ക് ലാലു പ്രസാദ് യാദവ് ഭൂമി എഴുതിവാങ്ങിയെന്നാണ് കേസ്.
കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും പേരില്‍ ഭൂമി എഴുതിവാങ്ങുകയായിരുന്നുവെന്നാണ് കേസില്‍ പറയുന്നത്. ഇതേ കേസില്‍ ലാലുപ്രസാദ് യാദവിനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
തേജസ്വിയെ ചോദ്യം ചെയ്യുമ്പോള്‍ പട്‌നയിലെ ഇ.ഡി ഓഫീസിനു മുന്നില്‍ സഹോദരന്‍ തേജ് പ്രതാപ് യാദവിന്റെ നേതൃത്വത്തില്‍ ആര്‍ജെഡി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. നിതീഷ് കുമാര്‍ നേതൃത്വം നല്‍കിയ മഹാസഖ്യ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്നു തേജസ്വി പ്രസാദ് യാദവ്.
കഴിഞ്ഞ ദിവസം രാവിലെയാണ് ഉദ്യോഗസ്ഥര്‍ ലാലുവിന്റെ വീട്ടിലെത്തിയത്.രാവിലെ 11.30 യോടെയാണ് ലാലു പ്രസാദ് യാദവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. ആരോഗ്യം മോശമായ ലാലു പ്രസാദ് യാദവിനു ഭക്ഷണം വാരിക്കൊടുക്കണമെന്നും എന്നാല്‍ അതിന് ഇഡി അനുവദിച്ചില്ലെന്നും മകള്‍ മിസ ഭാരതി ആരോപിച്ചു.