p-c-george

ന്യൂഡൽഹി: പി സി ജോർ‌ജും മകൻ ഷോൺ ജോ‌ർജും ഉൾപ്പെടെയുള്ള ജനപക്ഷം പാർട്ടി നേതാക്കൾ ഇന്ന് ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് വിവരം. കേരളത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. പി സി ജോർജും ഷോൺ ജോർജും ഇന്നലെ ഡൽഹിയിലെത്തി ബിജെപി കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. ഇന്നുവൈകിട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് വ്യക്തമാക്കി.

അതേസമയം, പി സി ജോർജിന് പിന്നാലെ കൂടുതൽ പേർ കേരളത്തിൽ നിന്ന് ബിജെപിയിൽ എത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗ്രവാൾ പറഞ്ഞു. പി സി ജോർജിന്റെ വരവ് കേരളത്തിൽ ബിജെപിക്ക് ക്രിസ്‌ത്യൻ വിഭാഗത്തിന്റെ പിന്തുണ കൂടുന്നതിന്റെ തെളിവാണ്. രാഹുൽ ഗാന്ധിക്ക് ഇത്തവണ വയനാട്ടിലെ മത്സരം എളുപ്പമാകില്ല. വയനാട്ടിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തും. അയോദ്ധ്യയിൽ പോകില്ലെന്ന രാഹുലിന്റെ നിലപാട് മുസ്ളീങ്ങളെ പ്രീതിപ്പെടുത്താനാണ്. രാഹുലിനൊപ്പം മുസ്ളീം ലീഗ് മാത്രമേ ഉണ്ടാവുകയുള്ളൂ. തൃശൂർ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായതിനാലാണ് മോദി ആവർത്തിച്ച് സന്ദർശനം നടത്തുന്നത്. തൃശൂരിലൂടെ ലോക്‌സഭയിലേയ്ക്ക് അക്കൗണ്ട് തുറക്കും. ആറ്റിങ്ങൽ, തിരുവനന്തപുരം, പാലക്കാട്, പത്തനംതിട്ട എന്നിവിടങ്ങളിൽ ബിജെപി മിന്നുന്ന വിജയം നേടും. കേരളത്തിൽ ഇത്തവണ അഞ്ച് സീറ്റിലെങ്കിലും വിജയിക്കുമെന്നും അഗ്രവാൾ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ നിന്ന് മത്സരിക്കുമോയെന്നത് അറിയില്ലെന്നും ബിജെപി നേതൃത്വം എന്ത് പറയുന്നുവോ അത് കേൾക്കുമെന്നും കഴിഞ്ഞദിവസം പി സി ജോർജ് വ്യക്തമാക്കിയിരുന്നു. മത്സരിക്കണമെന്ന നിർബന്ധബുദ്ധിയുമായല്ല നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.