neuralink

തലച്ചോറിൽ ഒരു ചിപ്പ് ഘടിപ്പിച്ചാൽ, കൈകൊണ്ട് തൊടാതെ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാം. ഒന്ന് ചിന്തിച്ചാൽ മാത്രം മതി. അതും ശാസ്ത്രം യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. മനുഷ്യന്റെ തലച്ചോറും കമ്പ്യൂട്ടറും തമ്മിൽ ടെലിപ്പതിക് ആശയവിനിമയം സാദ്ധ്യമാക്കുന്ന ചിപ്പിന്റെ ( ബ്രെയിൻ - കമ്പ്യൂട്ടർ ഇന്റർഫേസ്) പരീക്ഷണം വിജയം കണ്ടു. ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ സ്റ്റാർട്ടപ്പായ ന്യൂറാലിങ്ക് ആണ് ആദ്യമായി തലച്ചോറിൽ ചിപ്പ് സ്ഥാപിച്ചത്.

ശരീരം തളർന്ന രോഗിയിൽ ഞായറാഴ്ചയാണ് ചിപ്പ് ഘടിപ്പിച്ചത്. ചിപ്പിന് പേര് ടെലിപ്പതി. പ്രൈം (പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിൻ - കമ്പ്യൂട്ടർ ഇന്റർഫേസ്) എന്ന പേരിലാണ് പരീക്ഷണം. കഴുത്തിന് താഴോട്ട് തളർന്നവരിലും സുഷുമ്‌നാ നാഡി തകരാറുമൂലം പേശികൾ തളർന്നവരിലുമാണ് ആദ്യ പരീക്ഷണം നടത്തുന്നത്.

അൽഷിമേഴ്സിന് പരിഹാരം

ശാരീരിക വൈകല്യമുള്ളവർക്കും പാർക്കിൻസണും അൽഷിമേഴ്സുമടക്കം ന്യൂറോ രോഗങ്ങൾ ബാധിച്ചവർക്കും ജീവിതം അനായാസമാകും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെടുത്തി മനുഷ്യന്റെ കർമ്മശേഷി കൂട്ടാനും കഴിയും.

വയർലെസായി ബാറ്ററി ചാർജ്
1. അടുക്കി വച്ച അഞ്ച് നാണയങ്ങളുടെ വലിപ്പമുള്ളതാണ് ലിങ്ക് എന്ന ഇംപ്ലാന്റ്. ഇത് റോബോട്ട് ശസ്ത്രക്രിയയിലൂടെ തലച്ചോറിനുള്ളിൽ മനുഷ്യന്റെ ചലനങ്ങൾ നിയന്ത്രിക്കുന്ന ഭാഗത്ത് സ്ഥാപിക്കും. വയർലെസായി ചാർജ് ചെയ്യാവുന്ന ബാറ്ററിയിലാണ് പ്രവർത്തനം.

2. ഇതിലെ സൂക്ഷ്മമായ സ്വർണ, പ്ലാറ്റിന ത്രെഡുകൾ, വ്യക്തി ചിന്തിക്കുമ്പോൾ തലച്ചോറിലുണ്ടാവുന്ന സിഗ്നലുകൾ ആപ്പിലേക്ക് അയയ്‌ക്കും. വ്യക്തി ചിന്തിക്കുന്നത് ആപ്പ് ഡീകോഡ് ചെയ്യും.

3. സ്‌മാർട്ട് ഫോണും കമ്പ്യൂട്ടറിന്റെ കഴ്സറും കീബോർഡും ഇവയുമായി ബന്ധപ്പെടുത്തിയ ഏത് ഉപകരണവും ഇങ്ങനെ പ്രവർത്തിപ്പിക്കാം.ഇംപ്ലാന്റും സർജിക്കൽ റോബോട്ടും മനുഷ്യന് എത്ര

സുരക്ഷിതമെന്നാണ് പരീക്ഷിക്കുന്നത്.

വിപ്ലകരമായ നേട്ടമാണിതെന്ന് ഇലോൺ മസ്‌ക് പറഞ്ഞു. ബ്രെയിൻ ചിപ്പ് ഘടിപ്പിച്ചയാൾ സുഖം പ്രാപിക്കുന്നു. മസ്‌തിഷ്‌ക കോശങ്ങളായ ന്യൂറോണുകളിൽ നിന്ന് ശരീരത്തിന് നിർദ്ദേശങ്ങൾ നൽകുന്ന വൈദ്യുത, രാസ സിഗ്നലുകൾ രേഖപ്പെടുത്തി. പരീക്ഷണം വിജയമെന്നും മസ്‌ക് പറഞ്ഞു.

അതേസമയം, പുതിയ കണ്ടുപിടിത്തം ധാർമ്മികതയെ ചോദ്യം ചെയ്യുന്നുവെന്ന് ന്യൂറോ വിദഗ്ധനും ന്യൂറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മുൻ പ്രസിഡന്റും തിരുവനന്തപുരം മെഡി.കോളേജിലെ ന്യൂറോ വിഭാഗം മുൻ മേധാവിയും എഴുത്തുകാരനുമായ ഡോ.കെ.രാജശേഖരൻ നായർ പറഞ്ഞു. മസ്തിഷ്ക്കത്തിന്റെ ശേഷി കൂട്ടുക എന്നതിലുപരി അത് അനിയന്ത്രിതമായി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും ഇവർക്കുണ്ട്. മനുഷ്യന്റെ ചിന്താശേഷിയെ നിയന്ത്രിച്ചാൽ അനന്തര ഫലം എന്താവുമെന്ന ഉത്ക്കണ്ഠയുണ്ട്. മനസിനെ കീഴടക്കുകയാണല്ലോ പരമമായ ലക്ഷ്യം. അതെത്രമാത്രം സാധിക്കും? മസ്തിഷ്‌ക മരണം പോലും മാറ്റി മറിക്കുന്ന വിധത്തിൽ സാങ്കേതിക വിദ്യ നാളെ വളരാം. ഇപ്പോഴത്തെ അവകാശ വാദത്തെ തള്ളിപ്പറയുന്നില്ല. എന്നാൽ ധാർമ്മികത ചോദ്യചിഹ്നം തന്നെയാണ്. ഇത്രയും വേഗം വേണോയെന്നും ഡോ.കെ.രാജശേഖരൻ ചോദിക്കുന്നു.