
തൃശൂർ: കഴിഞ്ഞ ഫെബ്രുവരിയിൽ പാലക്കാട് എരിമയൂരിൽ രേഖപ്പെടുത്തിയ 40 ഡിഗ്രി സെൽഷ്യസ് വേനൽച്ചൂട്, വരും ദിവസങ്ങളിൽ തൃശൂരിലും അനുഭവപ്പെട്ടേക്കുമെന്ന് വിദഗ്ദ്ധർ. ഇപ്പോൾ അനുഭവപ്പെടുന്ന കാറ്റ് അടുത്തയാഴ്ചയോടെ ഇല്ലാതാകുകയും രാവിലെ അനുഭവപ്പെടാറുളള മഞ്ഞ് തീരെ കുറയുകയും ചെയ്യുന്നതോടെയാണിത്. ഏതാനും വർഷങ്ങളായി വേനൽ നേരത്തെ എത്തുന്നുണ്ട്. പെട്ടെന്ന് കാലാവസ്ഥാമാറ്റവും സംഭവിക്കുന്നുണ്ട്. അതിനാൽ ചൂട് പെട്ടെന്ന് ഉയരാനിടയാകും. തീരപ്രദേശങ്ങളിൽ ഹ്യുമിഡിറ്റി കൂടുന്നുമുണ്ട്. ശരീരത്തിന്റെ വിയർപ്പ് ബാഷ്പീകരിച്ച് പോകാൻ പറ്റാത്ത സാഹചര്യമുണ്ടാകുകയും 35 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമ്പോൾ തന്നെ 40 ഡിഗ്രിയുടെ ചൂട് അനുഭവപ്പെടുകയും ചെയ്യും. 2020ൽ 40 ഡിഗ്രിയായിരുന്നു വെളളാനിക്കരയിൽ ഏപ്രിലിൽ അനുഭവപ്പെട്ടത്. ഈയാണ്ടിൽ അത് ഫെബ്രുവരിയിലോ മാർച്ചിലോ ആകാമെന്നാണ് കാലാവസ്ഥാഗവേഷകരുടെ നിഗമനം. കഴിഞ്ഞ വർഷം പ്രാദേശികമായി കഴിഞ്ഞദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു.
കാറ്റുവീശി, വ്യാപകമായി
കഴിഞ്ഞ രണ്ടുമാസങ്ങളിലായി മുൻകാലങ്ങളേക്കാൾ വ്യാപകമായി കാറ്റുവീശി. പാലക്കാട് ചുരം കടന്നെത്തുന്ന വരണ്ട കാറ്റിൽ ജലക്ഷാമവും രൂക്ഷമാണ്. കൃഷിയിടങ്ങളിൽ വെള്ളം കുറഞ്ഞു. ഡാമുകളിലെ ജലനിരപ്പും പെട്ടെന്ന് താഴ്ന്നു. ഇനി കാറ്റില്ലാതാകുകയും പെട്ടെന്ന് ശരീരതാപനില ഉയരുകയും ചെയ്യുന്നത് സൂര്യാഘാതവും ഹൃദ്രോഗങ്ങളും ശ്വാസസംബന്ധിയായ രോഗങ്ങളും പ്രമേഹപ്രശ്‌നങ്ങളും ഉണ്ടാകാൻ കാരണമാകും. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ ഏറ്റവും ബാധിക്കാൻ സാദ്ധ്യതയുള്ള രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ കഴിഞ്ഞ വർഷം തന്നെ കേരളമുണ്ടായിരുന്നു.
തീപിടിത്തങ്ങളേറുന്നു
ചൂടിന്റെ കാഠിന്യം വർദ്ധിച്ചതിനാൽ തീപിടിത്തങ്ങളും കൂടി. നഗരത്തിൽ തന്നെ രണ്ടുതവണയാണ് ആക്രി സാമഗ്രികൾക്ക് തീപിടിച്ചത്. പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും നടപ്പാവുന്നില്ല. തോട്ടങ്ങളിൽ തീപിടിക്കാൻ സാദ്ധ്യത കൂടിയതിനാൽ കർഷകരുടെ ഉള്ളിലും തീയാണ്. തോട്ടങ്ങളിലെ മരങ്ങളിലെ ഇലകൾ കൊഴിഞ്ഞു. കരിഞ്ഞുണങ്ങിയ ഇലകൾ കൂടിക്കിടക്കുന്ന ഇടത്ത് ഒരു തീപ്പൊരി മതി എല്ലാം വെന്തു വെണ്ണീറാകാൻ.
പാലുത്പാദനവും കുറഞ്ഞു
വേനൽചൂടിൽ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ക്ഷീര സംഘങ്ങളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. പുല്ലിന്റെയും വയ്ക്കോലിന്റെയും ലഭ്യതക്കുറവും കാലിത്തീറ്റയുടെ വിലവർദ്ധനയും മൂലം ക്ഷീരമേഖലയിൽ നിന്ന് കർഷകർ പിന്മാറുന്നുമുണ്ട്.
ഇന്നലത്തെ ചൂട്:
പുലർകാലത്തെ മഞ്ഞ് പെട്ടെന്ന് കുറഞ്ഞു. ഇനി കാറ്റ് വീശാനുളള സാദ്ധ്യതയുമില്ല. വേനൽച്ചൂട് പെട്ടെന്ന് ഉയരുമെന്നാണ് കരുതുന്നത്.
- ഡോ. ഗോപകുമാർ ചോലയിൽ, കാലാവസ്ഥാ ഗവേഷകൻ