hemant-soren

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). സോറനെ ഇഡി അറസ്റ്റ് ചെയ്‌താൽ അദ്ദേഹത്തിന്റെ ഭാര്യ കൽപ്പന സോറനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിലാണ് ജാർഖണ്ഡ് മുക്തി മോർച്ച പാർട്ടിയെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചോദ്യം ചെയ്യലിനുശേഷം സോറനെ അറസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതയുള്ളതായി പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

ഇന്നലെ പാർട്ടി എം എൽ എമാരുമായി നടത്തിയ യോഗത്തിൽ ഭാര്യയെ മുഖ്യമന്ത്രിയാക്കുന്ന കാര്യം സോറൻ പ്രഖ്യാപിച്ചതായാണ് വിവരം. ഇത് എംഎൽഎമാർ അംഗീകരിച്ചുവെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ജാർഖണ്ഡ് മുക്തി മോർച്ചയുടെ ഘടകകക്ഷിയായ കോൺഗ്രസും മുഖ്യമന്ത്രിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ കൽപ്പന സോറൻ മുഖ്യമന്ത്രി പദത്തിലെത്തുന്നതിൽ നിയമപരപമായ തടസങ്ങളുണ്ട്. നിയമസഭയുടെ കാലാവധി ഒരു വർഷത്തിനുള്ളിൽ അവസാനിക്കുകയാണെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് ഭരണഘടനാ വ്യവസ്ഥകളിൽ വ്യക്തമാക്കുന്നു. ഇത് കണക്കിലെടുത്താൽ കൽപ്പനയ്ക്ക് എം എൽ എയാകാൻ തടസമുണ്ടാവും. ഈ വർഷം നവംബറിലാണ് ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വിഷയത്തിൽ ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും ഇല്ലെങ്കിൽ മറ്റാരെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

600 കോടിയുടെ ഭൂമി തട്ടിപ്പാണ് ഹേമന്ദ് സോറനെതിരെ ഇഡി ആരോപിക്കുന്നത്. സർക്കാർ ഭൂമിയുടെ അവകാശ കൈമാറ്റത്തിന് പിന്നിൽ വലിയൊരു റാക്കറ്റ് പ്രവർത്തിച്ചുവെന്നും ഭൂമി കെട്ടിടനിർമാണക്കാർക്ക് വിറ്റുവെന്നും ഇഡി ആരോപിക്കുന്നു. കേസിൽ 14 പേരെയാണ് ഇഡി ഇതുവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ റാഞ്ചി മുൻ ഡെപ്യൂട്ടി കമ്മീഷണറും സംസ്ഥാന സാമൂഹ്യ ക്ഷേമവകുപ്പ് ഡയറക്‌‌ടറുമായിരുന്ന ഐ എ എസ് ഓഫീസർ ഛവി രഞ്ജനും ഉൾപ്പെടുന്നു. അതേസമയം, കേസ് തനിക്കെതിരെയുള്ള ഗുഢാലോചനയുടെ ഭാഗമാണെന്നാണ് ഹേമന്ദ് സോറൻ ആരോപിക്കുന്നത്.