
കോട്ടയം : കോടമഞ്ഞിന്റെ മൂടുപടം മാറ്റി ഇല്ലിക്കൽക്കല്ല് മാടിവിളിക്കുകയാണ്. തണുത്ത കാറ്റും കഥപറയുന്ന മേഘങ്ങളും കാഴ്ചകളുടെ നിറവസന്തം ചൊരിയുന്ന മലനിരകളുമൊക്കെയായി. സമുദ്ര നിരപ്പിൽ നിന്ന് 3400 അടി ഉയരത്തിലാണ് മല. പകലുരുക്കുന്ന മീനച്ചൂടിനെ കുളിർമയുള്ളതാക്കുകയാണ് ആ പരിസരം. വാഗമണ്ണിന്റെ തണൽപറ്റി സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുകയായിരുന്നു ഇല്ലിക്കൽകല്ല്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് കൂടുതൽ സന്ദർശകരെത്തുന്നത്.
ഇല്ലിക്കൽ മലയിൽ ഉയർന്ന് നിൽക്കുന്ന വലിയ മൂന്ന് പാറകളാണ് ഇല്ലിക്കൽ കല്ല് എന്ന് അറിയപ്പെടുന്നത്. പകുതി അടർന്ന് മാറിയ നിലയിൽ മലയ്ക്ക് മുകളിലായി നിലകൊള്ളുന്ന പാറയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇതിൽ ഏറ്റവും ഉയർന്ന് കൂണുപോലെ നിൽക്കുന്ന കല്ലാണ് കൂടക്കല്ല്. അതിനടുത്ത് ഫണം വിടർത്തി പാമ്പിനെ പോലെ ഒരു കല്ല് ഉയർന്ന് നിൽക്കുന്നുണ്ട് കൂനൻകല്ല്. ഇതിന് രണ്ടിനും ഇടയിലുള്ള വിടവിന് ഏകദേശം 20 അടിയോളം താഴ്ചയുണ്ട്. ഇവിടെ അരയടി മാത്രം വീതിയുള്ള ഒരു കല്ലുണ്ട്. നരകപാലം എന്നാണ് ഇത് അറിയപ്പെടുന്നത്. കൊടൈക്കനാലിലെ 'പില്ലർ റോക്ക്‌സനോട്' ഈ ഭൂപ്രദേശത്തിന് നല്ല സാമ്യമുണ്ട്. അടിവാരത്തുള്ള വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനം നിറുത്തി കുറച്ചേറെ ദൂരം നടന്നോ, ഡി.ടി.പി.സിയുടെ ജീപ്പിലോ മുകളിലെത്താം. പോതക്കാടുകൾക്കിടയിലെ ടാർ റോഡിലൂടെ മലമടക്കുകൾ താണ്ടിയുള്ള യാത്ര.
അലക്ഷ്യ യാത്ര അപകടത്തിലേക്ക്
അലക്ഷ്യമായി യാത്ര ചെയ്യാൻ പറ്റിയ സ്ഥലമല്ല ഇല്ലിക്കൽ കല്ല്.സാഹസികതയ്ക്ക് മുതിർന്നും സഞ്ചാരികളുടെ അശ്രദ്ധ കൊണ്ടും മാത്രം നാല് പേർ മരിച്ചിട്ടുണ്ട്. ഒരു കിലോമീറ്റർ ദൂരത്തിൽ പുതിയതായി സംരക്ഷണ വേലികളും നടപ്പാതകളും ഒരുക്കി. ഇടിമിന്നൽ രക്ഷാചാലകങ്ങളും സ്ഥാപിച്ചു. കുന്നിൻ മുകളിലെ വിസ്മയം ആസ്വദിക്കാൻ ഭിന്നശേഷിക്കാർക്കും അവസരമൊരുക്കിയിട്ടുണ്ട്. വീൽചെയർ കയറുന്നതിനായി റാംപും ജീപ്പ് സവാരിയുമുണ്ട്. ടിക്കറ്റ് കൗണ്ടറിൽ നിന്നും ഒന്നരകിലോമീറ്റർ ഉയരത്തിലാണ് ഇല്ലിക്കൽ കല്ല്. പ്രാഥമിക സൗകര്യങ്ങൾ, ഫുഡ് കോർട്ട് എന്നിവയുമുണ്ട്. ഒരാൾക്ക് 20 രൂപയാണ് പ്രവേശനഫീസ്.
എങ്ങനെയെത്താം
ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് തലനാട് വഴി
ഈരാറ്റുപേട്ട - വാഗമൺ റോഡിൽ തീക്കോയി ജംഗ്ഷനിൽ നിന്ന് അടുക്കം വഴി
ഈരാറ്റുപേട്ട - തൊടുപുഴ റോഡിൽ കളത്തുക്കടവ് ജംഗ്ഷനിൽ നിന്ന് മൂന്നിലവ് വഴി