
മുംബയ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരനായ സ്കൂൾ അദ്ധ്യാപകന് അഞ്ച് വർഷം കഠിന തടവ് വിധിച്ച് കോടതി. മുംബയിലാണ് സംഭവം. വിദ്യാർത്ഥികളെ സംരക്ഷിക്കേണ്ട ഒരു അദ്ധ്യാപകനിൽ നിന്നും ഇത്തരത്തിലുള്ള പ്രവൃത്തി ഉണ്ടാകാൻ പാടില്ല. ഇത്തരം ഹീനമയ പ്രവൃത്തികൾ ഇരയായ കുട്ടികൾ ആജീവനാന്തം മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുവെന്നും ജഡ്‌ജി സീമ ജാവദ് പറഞ്ഞു.
പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്കൂളിലെ 12 വയസിൽ താഴെ പ്രായമുള്ള മൂന്ന് വിദ്യാർത്ഥികളെ പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരെ നൽകിയ കേസിൽ പറഞ്ഞിട്ടുള്ളത്. മറ്റ് ജോലികൾ പോലെയല്ല, സമൂഹത്തെ തന്നെ സ്വാധീനിക്കാൻ കഴിവുള്ള അദ്ധ്യാപകനാണ് ഈ ക്രൂരത ചെയ്തിരിക്കുന്നതെന്നും കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്. നിലവിൽ കേസിലെ വസ്തുതകൾ പരിഗണിച്ചും അദ്ധ്യാപകന് മറ്റ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത സാഹചര്യത്തിലും ഏറ്റവും കുറഞ്ഞ ശിക്ഷയായ അഞ്ച് വർഷം തടവ് വിധിച്ചത്.
ഇരകളിൽ ഒരാളായ കുട്ടിയുടെ അമ്മ 2019 സെപ്തംബറിലാണ് അദ്ധ്യാപകനെതിരെ പരാതി കൊടുത്തത്. പീഡനത്തിനിരയായ മൂന്നുപേരും അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണെന്നും പ്രതി അവരുടെ ക്ലാസ് ടീച്ചറാണെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. പ്രതി തങ്ങളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുന്നുവെന്ന് ഇരകളും പൊലീസിന് മൊഴി നൽകിയിരുന്നു.