rahul-gandhi

തിരുവനന്തപുരം:വയനാട് ലോക്‌സഭാ സീറ്റിൽ രാഹുൽ ഗാന്ധി വീണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥിയായാൽ തിരുവനന്തപുരത്തേത് പോലെ സർപ്രൈസ് സ്ഥാനാർത്ഥിയെ ഇറക്കി മത്സരം കടുപ്പിക്കാൻ ബി.ജെ.പി. ഇതിനായി വയനാട് സീറ്റ് ബി.ഡി.ജെ.എസിൽ നിന്ന് ഏറ്റെടുക്കും.

കഴിഞ്ഞ തവണ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റും,എൻ.ഡി.എ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയാണ് മുന്നണിക്ക് വേണ്ടി മത്സരിച്ചത്.പ്രധാനമന്തി നരേന്ദ്ര മോദിയുടെയും,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദ്ദേശ പ്രകാരമായിരുന്നു ഇത്.

ഇത്തവണ വയനാടിന് പകരം കോട്ടയം സീറ്റ് ബി.ഡി.ജെ.എസിന് നൽകും. ഈഴവ സമുദാത്തിന് പ്രാമുഖ്യമുള്ള കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയായേക്കും.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന വയനാട്ടിൽ, രാഹുലിനെ ബി.ജെ.പി തന്നെ നേരിടണമെന്ന വികാരമാണ് പാർട്ടിയിൽ ഉയരുന്നത്. മുസ്ലിം വോട്ടർമാർ നിർണ്ണായകമായ വയനാട് രാഹുലിന് സുരക്ഷിത മണ്ഡലമാണെങ്കിലും, കരുത്തുള്ള വി.ഐ.പി എതിരാളിയെ ഇറക്കിയാൽ മത്സരം കടുപ്പിക്കാനും രാഹുലിന് 2019ലേത് പോലെ ഈസി വാക്കോവർ ലഭിക്കുന്നത് തടയാമെന്നുമാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

2019ൽ യു.പിയിലെ അമേതിയിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ഇത്തവണ വയനാട്ടിൽ രാഹുലിനെ നേരിടണമെന്ന ആവശ്യം ഉയർന്നിരുന്നു.എന്നാൽ,രാഹുൽ ഗാന്ധി വീണ്ടും അമേതിയിൽ മത്സരിച്ചാലും,ഇല്ലെങ്കിലും സ്മൃതി ഇറാനി തന്നെയാവും അവിടത്തെ ബി.ജെ.പി സ്ഥാനാർത്ഥി എന്നാണ് സൂചനകൾ. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസും വയനാട്ടിൽ പരിഗണനയിലുണ്ട്.

 ബി.ഡി.ജെ.എസിന് നാല് സീറ്റ്

എൻ.ഡി.എ സഖ്യ കക്ഷിയായ ബി.ഡി.ജെ.എസിന് ഇത്തവണയും ബി.ജെ.പി നാല് സീറ്റ് നൽകിയേക്കും .കോട്ടയത്തിന് പുറമെ, കഴിഞ്ഞ തവണ പാർട്ടി മത്സരിച്ച ഇടുക്കി,മാവേലിക്കര,ആലത്തൂർ സീറ്റുകളും. മാവേലിക്കരയും,ആലത്തൂരും സംവരണ

സീറ്റുകളാണ്.