
ഇസ്ലാമാബാദ്: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും കുരുക്ക്. തോഷാഖാന അഴിമതിക്കേസിൽ ഇമ്രാനും ഭാര്യയ്ക്കും പതിനാലുവർഷത്തെ തടവുശിക്ഷയാണ് ഇസ്ലാമാബാദ് കോടതി വിധിച്ചിരിക്കുകയാണ്. ഇതിനൊപ്പം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇമ്രാന് പത്തുവർഷത്തെ വിലക്കുമുണ്ട്. ഇന്നലെ, ഔദ്യോഗിക രേഖകൾ പരസ്യമാക്കിയ കേസിൽ ഇമ്രാൻ ഖാന് പത്ത് വർഷം കഠിന തടവ് വിധിച്ചിരുന്നു. ഇമ്രാനൊപ്പം മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്കും പത്ത് വർഷം തടവുശിക്ഷ ലഭിച്ചിട്ടുണ്ട്. .
പ്രധാനമന്ത്രിയായിരിക്കെ വിദേശ സന്ദർശനങ്ങൾക്കിടെ ഉപഹാരമായി ലഭിച്ച അമൂല്യ വസ്തുക്കൾ മറിച്ച് വിറ്റ് കോടികൾ സമ്പാദിച്ചെന്നതാണ് തോഷാഖാന അഴിമതിക്കേസ്.പ്രധാനമന്ത്രിയായിരുന്ന 2018–2022 കാലത്ത് വിദേശത്തുനിന്ന് ലഭിച്ച 14 കോടിയുടെ സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്ക് സർക്കാർ ഖജനാവിൽ നിന്നും ലേലത്തിൽ വാങ്ങിയ ശേഷം മറിച്ചുവിറ്റുവെന്നതാണ് കേസ്. തോഷാഖാന എന്നാൽ ഖജനാവ് എന്നാണ് അർത്ഥമാക്കുന്നത്. ഈ കേസിൽ കോടതി ഇമ്രാനെ നേരത്തേ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. ഇമ്രാൻ നിലവിൽ കസ്റ്റഡിയിലാണെങ്കിലും ഭാര്യയെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല.
രഹസ്യ സ്വഭാവമുള്ളതും രാജ്യസുരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ഇന്നലെ ശിക്ഷ വിധിച്ചത്. യു.എസ് എംബസി അയച്ച നയതന്ത്ര രേഖയിലെ വിവരങ്ങൾ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ വെളിപ്പെടുത്തിയെന്നാണ് കേസ്. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്.ഐ.എ) സമർപ്പിച്ച കുറ്റപത്രത്തിൽ ഇമ്രാന്റെയും ഖുറേഷിയുടെയും പ്രസംഗത്തിന്റെ പൂർണരൂപമുണ്ട്. തന്റെ സർക്കാരിനെ താഴെയിറക്കാൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നു എന്നാരോപിച്ചാണ് ഇമ്രാൻ രഹസ്യ സ്വഭാവമുള്ള രേഖകൾ വെളിപ്പെടുത്തിയത്.
ഇത് കള്ളക്കേസാണെന്നാണ് പി.ടി.ഐയുടെ വാദം. വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കും. നിലവിൽ അഡിയാല ജയിലിൽ തടവിലുള്ള ഇമ്രാന് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഞ്ച് വർഷത്തെ വിലക്കുമുണ്ട്. ഈ ശിക്ഷ ഇസ്‍ലാമാബാദ് ഹൈക്കോടതി സസ്പെൻഡ് ചെയ്തെങ്കിലും മറ്റു കേസുകളുടെ പേരിൽ അദ്ദേഹത്തെ ജയിലിൽ നിന്ന് വിട്ടയച്ചിട്ടില്ല.
ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. പാകിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പി.ടി.ഐ) അദ്ധ്യക്ഷൻ കൂടിയാണ് ഇമ്രാൻ. തിരഞ്ഞെടുപ്പിൽ ഇമ്രാൻ മത്സരിക്കുന്നത് ഒഴിവാക്കാൻ വേണ്ടി എതിരാളികൾ നടത്തുന്ന ഹീന ശ്രമം എന്നാണ് പി.ടി.ഐ ആരോപിക്കുന്നത്. ഇതിനെതിരെ അപ്പീൽ നൽകുന്നതിനൊപ്പം ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുമാണ് പാർട്ടി തീരുമാനം.