
റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രം ജയ് ഗണേശിനെതിരെയുള്ള പ്രചരണങ്ങൾക്കെതിരെ നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടാണ് ഉണ്ണി വിശദീകരണം നടത്തിയിരിക്കുന്നത്. അയോദ്ധ്യ രാമപ്രതിഷ്‌ഠയുമായി ബന്ധപ്പെട്ട്, ''ശ്രീരാമ ജ്യോതി തെളിയിക്കാത്തവരും, ഉച്ചത്തിൽ ജയ് ശ്രീറാം വിളിക്കാത്തവരും എന്റെ സിനിമ കാണണ്ട'' എന്നതരത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾക്കൊപ്പം പോസ്‌റ്റർ പ്രത്യക്ഷപ്പെട്ടത്. പുതിയ സിനിമയെ തകർക്കാനുള്ള ശ്രമം മാത്രമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു.
ഉണ്ണി മുകുന്ദന്റെ വാക്കുകൾ-
''റിലീസ് പോലും ആകാത്ത ഒരു സിനിമയെ മോശമായി ചിത്രീകരിക്കാൻ എത്രത്തോളം തരംതാഴാൻ കഴിയും. ജനുവരി ഒന്ന് മുതൽ ആരംഭിച്ച ഈ അധമ പ്രവർത്തി ഇപ്പോഴും തുടരുകയാണ്. ഞാൻ പറയാത്ത കാര്യങ്ങളും, വാക്കുകളും എന്റേതായി പ്രചരിപ്പിച്ച് സിനിമയെ തകർക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ശ്രമം നടത്തുന്നവർ അറിയാനായി പറയുകയാണ്, നിങ്ങളുടെ പ്രവർത്തി എന്നെയോ, എന്റെ സിനിമയേയോ ഒരു തരത്തിലും തകർക്കില്ല. എന്നെ അറിയാവുന്നവർ ഇത്തരത്തിൽ പ്രവർത്തിക്കില്ല. ജയ് ഗണേശ് ഏപ്രിൽ 11ന് തിയേറ്ററിലെത്തും. അപ്പോൾ, തിയേറ്ററിൽ കാണാം. ''
How low will you go to bring down a movie that hasn’t even released. This random thing of trying to kill a movie started...
Posted by Unni Mukundan on Tuesday, 30 January 2024
ഉണ്ണി മുകുന്ദൻ നായകനായി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ് ഗണേശ്. മഹിമ നമ്പ്യാർ ആണ് നായിക. ജോമോൾ ഒരിടവേളക്ക് ശേഷം മടങ്ങി എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവഹിക്കുന്നു.