
ന്യൂഡൽഹി: ആഡംബര ഹോട്ടലിൽ താമസിച്ച് ആറ് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ത്സാൻസി റാണി സാമുവലാണ് പിടിയിലായത്. ന്യൂഡൽഹിയിലെ എയ്റോസിറ്റിക്കടുത്തുളള പുൾമാൻ എന്ന ആഡംബരഹോട്ടലിലാണ് കഴിഞ്ഞ 15 ദിവസങ്ങൾക്ക് മുൻപ് യുവതി വ്യാജരേഖകൾ കാണിച്ച് മുറിയെടുത്തത്.
5,88,176 രൂപയുടെ സേവനങ്ങളാണ് ത്സാൻസി റാണി ഹോട്ടലിൽ നിന്നും നേടിയെടുത്തത്. ഐഷ ധവ എന്ന വ്യാജപേരിൽ ഹോട്ടലിലെ തന്നെ സ്‌പ കൗണ്ടറിൽ നിന്നും 2,11,708 രൂപയുടെ ട്രീറ്റ്മെന്റ് എടുത്തുവെന്നും ഹോട്ടൽ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് യുവതി പണമിടപാട് നടത്താനായി ഐസിഐസിഐയുടെ യുപിഐ ആപ്പ് ഉപയോഗിച്ചു. എന്നാൽ പണം ഹോട്ടലിന്റെ അക്കൗണ്ടിലേക്കെത്താതിനെ തുടർന്നാണ് അധികൃതർക്ക് സംശയം തോന്നിയത്. ത്സാൻസി റാണിയുടെ പ്രതികരണത്തിൽ സംശയം തോന്നിയതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ യുവതി ഇതുവരെയായിട്ടും പൂർണമായി സഹകരിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ത്സാൻസി റാണിയുടെ ബാങ്ക് അക്കൗണ്ടിൽ 41 രൂപ മാത്രമേ അവശേഷിക്കുന്നുളളൂവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താനും ഭർത്താവും ഡോക്ടർമാരാണെന്നും ന്യൂയോർക്കിലാണ് താമസമെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇവർക്കെതിരെ വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ തയ്യാറാക്കിയതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.