
ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിൽ തന്റെ ആദ്യത്തെ പ്രസംഗം എന്നുപറഞ്ഞുകൊണ്ടാണ് അഭിസംബോധന ആരംഭിച്ചത്. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രപതിയുടെ വാക്കുകകൾ
ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു.രാജ്യത്തിന് ഐതിഹാസിക നേട്ടങ്ങളുടെ വർഷമാണ് കഴിഞ്ഞുപോയത്. പ്രതിസന്ധികൾക്കിടയിലും സമ്പദ്‌വ്യവസ്ഥ വളർന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ത്രിവർണ പതാക ഉയർത്തി. ജി20 വിജയകരമായി നടത്തി. വനിതാ സംവരണ ബിൽ പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. മുത്തലാഖ് നിരോധിക്കാനും പാർലമെന്റിനായി. ജമ്മു കശ്മീരിന്റെ പുനഃസംഘടന ശ്രദ്ധേയനേട്ടമാണ്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമായി. നീതി ആയോഗ് കണക്കനുസരിച്ച്, തന്റെ സർക്കാന്റെ 10 വർഷത്തെ ഭരണത്തിൽ ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി.
സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. . രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണ്. വന്ദേഭാരത് ട്രെയിനുകൾ റയിൽവേ വികസനത്തിന്റെ പുതിയ ഉദാഹരണമാണ്.