antony-raju

തിരുവനന്തപുരം: ഇ ബസ് ലാഭകരമാണെന്ന് ആന്റണി രാജു എം എൽ എയുടെ മറുപടി. കെ എസ് ആർ ടി സി ഇ ബസുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ബസുകളുടെ വരവ് ചെലവ് കണക്കുകൾ യാഥാർത്ഥ്യമല്ലെന്നും ട്രാൻസ്‌പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് എം വിൻസെന്റ് എം എൽ എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ഉന്നയിച്ചാണ് ആന്റണി രാജു നിയമസഭയിൽ മറുപടി പറഞ്ഞത്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ കർണാടകയിൽ ഇ ബസ് കൊണ്ടുവരുമെന്ന് ഇന്നലെ വാർത്തയുണ്ടായിരുന്നു. തെലങ്കാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലും ഇ ബസ് കൊണ്ടുവരാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങൾ ഭരിക്കുന്ന സംസ്ഥാനത്തിൽ ഇ ബസ് കൊള്ളാം. എന്നാൽ കേരളത്തിൽ നഷ്ടം എന്നാണ് പറയുന്നത് ഇത് ശരിയല്ലെന്നും ആന്റണി രാജു വിമർശിച്ചു. ഡീസൽ ബസിനെക്കാൾ ഇ ബസ് കൂടുതൽ ലാഭകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വസ്തുതകൾ പഠിക്കാതെയും മനസിലാക്കാതെ പ്രതിപക്ഷം തോന്നുന്നത് വിളിച്ച് പറയുകാണെന്നും ആന്റണി രാജു പറഞ്ഞു.

ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്ക്ക് നാല് ഡീസൽ ബസുകൾ വാങ്ങാമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിൻസെന്റ് എം എൽ എ ഗുരുതര ആരോപണമുന്നയിച്ചത്. പ്രതിപക്ഷത്തിന്റെ വാദം കൂട്ടുപിടിച്ച് ഗതാഗത മന്ത്രി ഗണേഷ്‌കുമാറിന്റെ വാദവും തള്ളിയിരിക്കുകയാണ് ആന്റണി രാജു.

'ഗുണനിലവാരം വിലയിരുത്താതെയാണ് പിഎംഐയുടെ 50 ബസുകൾ മാനേജ്‌മെന്റ് വാങ്ങിയത്. ബസുകളുടെ ഗുണനിലവാരം പരിശോധിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് പുറത്തുവിടണം. മാനേജ്‌മെന്റ് പറയുന്നത് പ്രകാരം 6026 രൂപ ഒരു ബസിന് പ്രതിദിന വരുമാനവും, 4752 രൂപ പ്രതിദിന ചെലവുമുണ്ട്. വായ്പാ തിരിച്ചടവും ബസിന്റെ ബാറ്ററി മാറുന്ന ചെലവും കൂട്ടിയാൽ 4546 രൂപ അധിക ചെലവാകും. ഒരു ഇലക്ട്രിക് ബസ് പ്രതിദിനം 3273 രൂപ നഷ്ടമുണ്ടാക്കുന്നുണ്ട്. 50 ബസുകൾക്ക് പ്രതിവർഷം 5.89 കോടി നഷ്ടമുണ്ടാകും'- എം.വിൻസെന്റ് പറഞ്ഞിരുന്നു.