
കൊച്ചി: അങ്കമാലി മൂക്കന്നൂരിൽ സ്വത്തുതർക്കത്തിനിടെ സഹോദരനടക്കം മൂന്നുപേരെ വെട്ടിക്കൊന്ന കേസിൽ പ്രതി ബാബുവിന് വധശിക്ഷ. 2018 ഫെബ്രുവരി 11നാണ് എരപ്പക്കര അറയ്ക്കൽ വീട്ടിൽ ശിവൻ, ഭാര്യ വത്സല, മകൾ സ്മിത എന്നിവരെ ശിവന്റെ സഹോദരനായ ബാബു കൊലപ്പെടുത്തിയത്. സ്‌മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റ് രണ്ട് കൊലപാതകത്തിൽ ഇരട്ട ജീവപര്യന്തം തടവും പ്രതി അനുഭവിക്കണം.
കേസിൽ വിവിധ വകുപ്പുകളിൽ നാല് ലക്ഷത്തിപതിനായിരം രൂപ പിഴയും ബാബു അടയ്ക്കണം. ബാബുവിനെതിരെ കൊലപാതകവും കൊലപാതക ശ്രമവും അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി അറിയിച്ചു. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി പറഞ്ഞു. സ്‌മിതയെ കൊലപ്പെടുത്തിയ രീതി ഭയാനകമായിരുന്നു. 35ഓളം വെട്ടുകളാണ് സ്‌മിതയുടെ ശരീരത്തിലുണ്ടായിരുന്നത്. കൊലപാതക രീതി കണക്കിലെടുത്താണ് ബാബുവിന് വധശിക്ഷ വിധിച്ചത്.
കുടുംബ സ്വത്തായ ഭൂമിയിലെ മരം മുറിക്കാനെത്തിയ ബാബു ഇതുതടഞ്ഞ ശിവനുമായി വഴക്കുണ്ടാക്കിയെന്നും തുടർന്ന് വെട്ടുകത്തിയുപയോഗിച്ചു വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് കേസ്. തടയാൻ ശ്രമിച്ച സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിൻ, അപർണ എന്നിവരെയും വെട്ടിപ്പരിക്കേല്പിച്ചിരുന്നു. കുട്ടികളുടെ മൊഴിയാണ് കേസിൽ നിർണായകമായത്.
കൃത്യത്തിനുശേഷം കൊരട്ടിയിലെ ക്ഷേത്രക്കുളത്തിൽ സ്‌കൂട്ടറുമായി ചാടി ആത്മഹത്യയ്ക്ക് ശ്രമച്ചെങ്കിലും ബാബുവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു. 2018 ഫെബ്രുവരി 14നാണ് ബാബുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുന്നത്. പെട്ടി ഓട്ടോ ഡ്രൈവറായിരുന്നു ബാബു.