
രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്ക് വധശിക്ഷ വിധിച്ച മാവേലിക്കര അഡീ. സെഷൻസ് ജഡ്‌ജ് വി.ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. ക്വാർട്ടേഴ്സിൽ എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ഭീഷണികളെ തുടർന്നാണ് ജഡ്‌ജിക്ക് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭിഭാഷകനും രാഷ്‌ട്രീയ നിരീക്ഷകനുമായ എ. ജയശങ്കർ.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
''ഓർമ്മയില്ലേ, ആലപ്പുഴയിൽ അലയടിച്ച ആ മുദ്രാവാക്യം?
അരിയും മലരും വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോടാ, കുന്തിരിക്കം വാങ്ങിച്ച് വീട്ടിൽ കാത്തു വെച്ചോടാ..
ഇത് ജഡ്‌ജിമാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ബാധകമാണ്. അല്ലെങ്കിൽ നീലകണ്ഠ ഗഞ്ചുവിന്റെ ചരിത്രം ആവർത്തിക്കും''.
ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.രൺജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് നിഷ്‌കരുണം വെട്ടിക്കൊന്ന കേസിലെ 15 പ്രതികളിൽ 14 പേർക്കും ഇന്നലെയാണ് വധശിക്ഷ വിധിച്ചത്. ആശുപത്രിയിലുള്ള ശേഷിക്കുന്നയാളുടെ ശിക്ഷ പിന്നീട് വിധിക്കും. ഇതോടെ പ്രതികളെ ഒന്നാകെ തൂക്കിലേറ്റാൻ വിധിക്കുന്ന രാജ്യത്തെ അപൂർവം കേസിലൊന്നായി മാറി.
പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐക്കാരാണ് പ്രതികൾ. ഒരുകേസിൽ കൂട്ട വധശിക്ഷ കേരളത്തിൽ ആദ്യമാണ്. വധശിക്ഷയ്‌ക്ക് പുറമേ ഒന്നുമുതൽ എട്ടുവരെ പ്രതികൾക്ക് ജീവപര്യന്തവും പതിനഞ്ച് വർഷം തടവും 9 മുതൽ പതിനഞ്ച് വരെ പ്രതികളിൽ പത്താം പ്രതിക്കൊഴികെ 8 വർഷം തടവുമുണ്ട്. ഒന്നുമുതൽ എട്ടുവരെ പ്രതികൾക്ക് രണ്ട് ലക്ഷം വീതം പിഴയും മറ്റുള്ളവർക്ക് ഓരോ ലക്ഷം പിഴയും വിധിച്ചു.