yubari-king-melon

പഴങ്ങൾ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടെന്ന് തോന്നുന്നില്ല. മികച്ച ആരോഗ്യത്തിന് പഴങ്ങൾ കഴിക്കേണ്ടത് അത്യാവശ്യവുമാണ്. പക്ഷേ വില കേൾക്കുമ്പോൾ അറിയാതെ പിന്നോട്ടുപോകും. ആപ്പിളും മുന്തിരിയും ഓറഞ്ചുമുൾപ്പടെയുള്ള ഒട്ടുമിക്ക പഴങ്ങൾക്കും സീസണിൽ തീരെ വിലക്കുറവും അല്ലാത്തപ്പോൾ പൊള്ളുന്ന വിലയുമായിരിക്കും. എന്നാൽ ലോകത്ത് ഏറ്റവും വിലപിടിച്ച ഒരു പഴമുണ്ട്. സീസണിലെന്നല്ല അല്ലാത്തപ്പോഴും അടുക്കാൻ പറ്റാത്ത വിലയുമായിരിക്കും അതിന്. ശരിക്കുപറഞ്ഞാൽ കോടീശ്വരന്മാർക്കുമാത്രമാവും അത് കഴിക്കാൻ പറ്റുക. നമ്മുടെ തൊട്ടടുത്തുള്ള ജപ്പാനിലാണ് ഈ പഴം വിളയുന്നത്. പേര് യുബാരി കിംഗ് മെലോൺ. പേരുകേട്ട് കണ്ണുമിഴിക്കേണ്ട, തണ്ണിമത്തൻ വിഭാഗത്തിൽ പെട്ടതാണ്. ഒരു പഴം വാങ്ങണമെങ്കിൽ ലക്ഷങ്ങളാണ് മുടക്കേണ്ടിവരിക. 2022ൽ ഒരു യുബാരി കിംഗ് മെലോൺ വിറ്റുപോയത് ഇരുപതുലക്ഷം രൂപയ്ക്കാണ്.

അസാദ്ധ്യമായ രുചിയും രോഗപ്രതിരോധ ശേഷിയുമാണ് ഇത്രയും വിലകൂടാൻ കാരണം. ഹൊക്കൈഡോ പ്രിഫെക്ചറിലെ ഒരു പ്രത്യേക പ്രദേശത്ത് മാത്രമേ ഇതിനെ വളർത്തിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നാണ് പറയുന്നത്. മറ്റുചില സ്ഥലങ്ങളിൽ നട്ടുനോക്കിയെങ്കിലും അത് പൂർണതോതിൽ വിജയിച്ചില്ല. ഇത് വിളയുമ്പോൾ തോട്ടത്തിന് പ്രത്യേക കാവലും ഏർപ്പെടുത്തും.

ലോകത്തിലെ മറ്റ് വിലകൂടിയ പഴങ്ങളും ജപ്പാനിൽ വിളയുന്നതാണ്. അതിലൊന്നാണ് വൈറ്റ് ജ്യുവൽ സ്‌ട്രോബറി.സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഈ സ്ട്രോബറിക്ക് വെള്ളനിറമാണ്. സെകായ് ഇച്ചി ആപ്പിളുകളാണ് ജപ്പാനിൽ നിന്നുള്ള മറ്റൊരു വിലകൂടിയ പഴം. ഇതിൽ പലതും വിളയുമ്പോൾ തന്നെ ആവശ്യക്കാർ ബുക്കുചെയ്തിരിക്കും. അതിനാൽ സൂപ്പർമാർക്കറ്റുകളിൽ നിന്നോ മറ്റോ വാങ്ങാമെന്ന് കരുതിയെങ്കിൽ അതും നടപ്പില്ല.