
ചണ്ഡിഗർ: ചണ്ഡിഗർ മേയർ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മിയും കോൺഗ്രസും പ്രതിഷേധിച്ചു. ചണ്ഡിഗർ സെക്ടർ 17ലെ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം.
എട്ട് വോട്ടുകളാണ് അസാധുവായത്. ഇതിൽ കൃത്രിമം കാണിച്ച തിരഞ്ഞെടുപ്പ് പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. ബി.ജെ.പി ഗുണ്ടായിസമാണ് കാണിക്കുന്നതെന്നും ശക്തമായി എതിർക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന മേയർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മനോജ് സോങ്കറാണ് വിജയിച്ചത്.
ആകെയുള്ള 36 വോട്ടുകളിൽ എട്ടെണ്ണം അസാധുവായതോടെ ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കുകയായിരുന്നു.
ആം ആദ്‌മിക്ക് 13ഉം കോൺഗ്രസിന് ഏഴും കൗൺസിലർമാരുള്ളതിനാൽ ആംആദ്മിയുടെ സ്ഥാനാർത്ഥി കുൽദീപ് കുമാർ ജയം പ്രതീക്ഷിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിലേക്ക് വഴിവച്ചത്.
സപ്രീംകോടതിയിലേക്ക്
അതിനിടെ തിരഞ്ഞെടുപ്പിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ അറിയിച്ചു. ജനാധിപത്യ കൊലപാതകത്തിന്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.
വിരമിച്ച ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന ആം ആദ്‌മി പാർട്ടിയുടെ ഹർജിയിൽ പഞ്ചാബ് ഹരിയാന കോടതി നോട്ടീസ് അയച്ചു. ചണ്ഡിഗർ ഭരണകൂടത്തിനും മുൻസിപ്പൽ കോർപ്പറേഷനുമാണ് നോട്ടീസ് അയച്ചത്. മൂന്നാഴ്‌ചയ്ക്കുള്ളിൽ മറുപടി നൽകണം. വിഷയത്തിൽ നാളെ വാദം കേൾക്കും.