q

തിരുവനന്തപുരം: വാഹന സുരക്ഷ ഉറപ്പാക്കാൻ കഴിയുന്ന സ്മാർട്ട് ഹെൽമെറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ച് തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിലെ (സി.ഇ.ടി ) പൂർവവിദ്യാർത്ഥികൾ. കണ്ടുപിടിത്തത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു. സാങ്കേതിക വിദ്യാഭ്യാസത്തിൽ മുൻനിരയിൽ നിൽക്കുന്ന സി.ഇ.ടിക്ക് മറ്റൊരു പൊൻതൂവലായി.

2016 ബാച്ച് ഇലക്ട്രോണിക്‌സ് വിഭാഗം വിദ്യാർത്ഥിനികളായിരുന്ന എൻ. ആതിര രശ്മി, യു.വി. ആതിര, എ. ആതിര എന്നിവരാണ് ഡോ. ആർ. ശിവകുമാറിന്റെ മാർഗനിർദ്ദേശപ്രകാരം ഹെൽമെറ്റ് വികസിപ്പിച്ചത്. ഹെൽമെറ്റിലെ ബിൽറ്റ് ഇൻ ഗ്യാസ് സെൻസർ ആൾക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിയുകയും അതിലൂടെ വാഹനം ഓഫ് ആവുകയും
ചെയ്യും. കൂടാതെ ഹെൽമെറ്റ് ധരിച്ചാൽ മാത്രമേ വാഹനം സ്റ്റാർട്ട് ആക്കാൻ സാധിക്കൂ. റേഡിയോ ഫ്രീക്വൻസി സാങ്കേതിക വിദ്യയിലൂടെയാണ് ഹെൽമെറ്റിന്റെ പ്രവർത്തനം. നിലവിൽ ഉപയോഗിക്കുന്ന ബ്രീത് അനലൈസർ സംവിധാനം ഒഴിവാക്കാനും വാഹന പരിശോധന കൂടുതൽ സുതാര്യമാക്കാനും കഴിയുമെന്നാണ് കരുതുന്നത്.