h

ചെന്നൈ: തമിഴ്നാട്ടിലെ പഴനി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കി മദ്രാസ് ഹൈക്കോടതി. അതേസമയം ഹിന്ദു മത ആചാരങ്ങൾ പിന്തുടരുകയും പാലിക്കുകയും ചെയ്യുന്നവർക്ക് ക്ഷേത്രം സന്ദർശിക്കാം. അല്ലാത്ത പക്ഷം കൊടിമരം വരെയാണ് പ്രവേശനം. മധുര ബെഞ്ചിലെ ജസ്റ്റിസ് എസ്.ശ്രീമതിയാണ് വിധി പുറപ്പെടുവിച്ചത്.

ക്ഷേത്രങ്ങൾ പിക്‌നിക്കിനുള്ള സ്ഥലമല്ല. കൊടിമരത്തിന് ശേഷം അഹിന്ദുക്കൾക്ക് പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് കോടതി നിർദ്ദേശിച്ചു.

അവരവരുടെ മതത്തിൽ വിശ്വസിക്കാനും ആചാരങ്ങൾ അനുഷ്ഠിക്കാനും വ്യക്തികൾക്ക് അവകാശമുണ്ട്. മറ്റ് മതവിശ്വാസികൾക്ക് ഹിന്ദു മതത്തിൽ വിശ്വാസമില്ലെങ്കിൽ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ ഭരണഘടന അവകാശം നൽകുന്നില്ലെന്നുംവ്യക്തമാക്കി.

ബൃഹദീശ്വര ക്ഷേത്ര പരിസരത്ത് അന്യമതത്തിൽപ്പെട്ട ഒരു സംഘം മാംസാഹാരം കഴിച്ചെന്ന റിപ്പോർട്ടുകളും, മധുരയിലെ മീനാക്ഷി സുന്ദരേശ്വര ക്ഷേത്രത്തിൽ ഇതര മതത്തിൽപ്പെട്ടവർ അവരുടെ പുണ്യഗ്രന്ഥവുമായി പ്രവേശിച്ച് പ്രാർത്ഥന നടത്താൻ ശ്രമിച്ചതും ജഡ്‌ജി ചൂണ്ടിക്കാട്ടി. ഈ സംഭവങ്ങൾ ഹിന്ദുക്കൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. ആചാരങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ

പ്രവേശിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തണം. പഴനി ക്ഷേത്ര വിഷയത്തിൽ മാത്രമായിട്ടാണ് ഹർജി എന്നതിനാൽ വിധി ക്ഷേത്രത്തിന് മാത്രമാണ്.

പളനി ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിലും ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്ക് മാത്രം പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡി. സെന്തിൽകുമാർ എന്നയാൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.