cm

തിരുവനന്തപുരം: മകൾ വീണയ്ക്കും കമ്പനിക്കുമെതിരായ ആരോപണത്തിൽ നിയമസഭയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോപണങ്ങൾ വ്യാജമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മകൾ ബിസിനസ് തുടങ്ങിയത് ഭാര്യയുടെ പെൻഷൻ തുക ഉപയോഗിച്ചാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.

'നിങ്ങൾ ആരോപണം ഉയർത്തു. ജനം അത് സ്വീകരിക്കുമോയെന്ന് നോക്കാം. ഒരാരോപണവും എന്നെ ഏശില്ല. കൊട്ടാരം പോലുള്ള വീട് എന്നൊക്കെ പറഞ്ഞത് ഇപ്പോൾ കേൾക്കുന്നില്ല. മുൻപ് ഭാര്യയെ കുറിച്ചായിരുന്നു ആരോപണങ്ങൾ. ഇപ്പോൾ മകൾക്കെതിരെ ആയി. ബിരിയാണി ചെമ്പിനൊക്കെ മുൻപ് പറഞ്ഞതടക്കം ഒന്നും ഏശില്ല.- മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ മകൾക്കെതിരെ രജിസ്ട്രാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. കേന്ദ്ര സർക്കാരിനെ വിമർശിച്ചാണ് സഭയിൽ നന്ദിപ്രമേയ ചർച്ചയുടെ അവസാന ഭാഗത്ത് മുഖ്യമന്ത്രി സംസാരിച്ച് തുടങ്ങിയത്. ധനകാര്യ കമ്മീഷൻ ശുപാർശ പോലും ലംഘിച്ചാണ് കേരളത്തിനുള്ള വിഹിതം വെട്ടിക്കുറക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കണമെന്ന ആവശ്യത്തോട് പ്രതിപക്ഷം വിമുഖത കാട്ടിയെന്നും അദ്ദേഹം പറഞ്ഞു.

'ഫെഡറലിസം സംരക്ഷിക്കാൻ ഉള്ള പോരാട്ടത്തിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടി. ഭരണാധികാരികൾ മതചടങ്ങിൽ പങ്കെടുക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അടിയന്തരാവസ്ഥക്ക് പിന്നാലെ അന്നത്തെ ഭരണകൂടത്തെ ജനം പരാജയപ്പെടുത്തി. എന്നാലിന്ന് നടക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമമാകാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം കോൺഗ്രസ് നിർത്തണം'- പിണറായി വിജയൻ പറഞ്ഞു.