cricket

ഇന്ത്യ - ഇംഗ്ളണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ വിശാഖപട്ടണത്ത്

വിശാഖപട്ടണം : ആദ്യ ടെസ്റ്റിലെ അപ്രതീക്ഷിത തോൽവിയുടെ ആഘാതത്തിൽ നിന്ന് ഉയിർത്തെണീക്കാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം നാളെ മുതൽ വിശാഖപട്ടണത്ത് ഇറങ്ങുമ്പോൾ വെല്ലുവിളികൾ ഏറെയാണ്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 190 റൺസിന്റെ ലീഡ് നേടിയ ശേഷം തോൽവി വഴങ്ങേണ്ടിവന്നതിന്റെ ഞെട്ടൽ മാറാൻ അൽപ്പസമയമെടുക്കുമെങ്കിലും രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും പരമ്പരയിലേക്ക് തിരിച്ചുവരാനും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയിലെ മികച്ച സ്ഥാനത്തേക്ക് തിരിച്ചെത്താനും വിശാഖപട്ടണത്തെ ജയം അനിവാര്യമാണ്. 2022ലെ നാലുമത്സര പരമ്പരയിലെ ആദ്യ കളിയിൽ തോറ്റ ശേഷം 3-1ന് പരമ്പര നേടാനായ ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇനിയുള്ള മത്സരങ്ങൾക്ക് ഇറങ്ങാനാവും കോച്ച് രാഹുൽ ദ്രാവിഡ് തന്റെ ശിഷ്യരെ ഓർമ്മിപ്പിക്കുക. ഇക്കാര്യം മറുവശത്ത് നിൽക്കുന്ന ഇംഗ്ളണ്ടിനും ഓർമ്മയുള്ളതിനാൽ കരുതലോടെയാകും അവരും കളത്തിലിറങ്ങുക.

വിരാട് കൊഹ്‌ലിയുടെ അഭാവവും ജഡേജയുടെയും കെ.എൽ രാഹുലിന്റെയും പരിക്കും മുതൽ തങ്ങളുടെ സ്പിൻ തന്ത്രങ്ങളെ പ്രതിരോധിക്കാനും പിച്ചിനെ മുതലെടുക്കാനും ഇംഗ്ളണ്ടിന് കഴിഞ്ഞതും വരെ ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികളാണ് . സർഫ്രാസ് ഖാൻ , സൗരഭ് കുമാർ, വാഷിംഗ്ടൺ സുന്ദർ എന്നിവരെ ടീമിലുൾപ്പെടുത്തിയാണ് ഇന്ത്യ വിശാഖപട്ടണത്തേക്ക് എത്തിയിരിക്കുന്നത്. ഇംഗ്ളണ്ടിന് പരിചയസമ്പന്നനായ സ്പിന്നർ ജാക്ക് ലീച്ചിന്റെ പരിക്കാണ് പ്രശ്നം. വിസ പ്രശ്നത്തിൽ കുടുങ്ങി ടീമിനൊപ്പം എത്താൻ കഴിയാതിരുന്ന യുവ സ്പിന്നർ ഷൊയ്ബ് ബഷീർ കഴിഞ്ഞ ദിവസം എത്തിയത് സന്ദർശകർക്ക് ആശ്വാസം പകരുന്നു.

വിശാഖപട്ടണത്തെ വെല്ലുവിളികൾ

1. ആദ്യ മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസവും വച്ചുപുലർത്തിയിരുന്ന വിജയപ്രതീക്ഷയാണ് ഒറ്റ ദിവസംകൊണ്ട് ഇംഗ്ളണ്ട് തകർത്തുകളഞ്ഞത്. തോൽവിയുടെ മാർജിനേക്കാൾ തോൽവി വഴങ്ങിയ രീതിയാണ് ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം കെടുത്തുന്നത്. ടെസ്റ്റ്ക്രിക്കറ്റിൽ ബാറ്റിംഗിലായാലും ബൗളിംഗിലായാലും ഒരു സെഷനിൽ പോലും അശ്രദ്ധപാടില്ലെന്ന വലിയ പാഠമാണ് ഹൈദരാബാദ് നൽകിയത്.

2. ഹൈദരാബാദിലെ രണ്ടാം ഇന്നിംഗ്സിൽ വിരാടിന്റെ അഭാവം ശരിക്കും നിഴലിച്ചു. മദ്ധ്യനിരയിൽ നങ്കൂരമിട്ടുനിന്ന് കളിക്കാൻ കഴിയുന്ന വിരാടിനെപ്പോലൊരു ബാറ്ററിന്റെ അഭാവം തിരിച്ചറിഞ്ഞ് കളിക്കാൻ ടീമിലെ സീനിയേഴ്സായ രോഹിതിനോ കെ.എൽ രാഹുലിനോ കഴിഞ്ഞില്ല. വിശാഖപട്ടണത്തും വിരാട് കളിക്കാനില്ലാത്തത് വലിയ ചോദ്യചിഹന്മാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തുന്നത്.

3. പരിക്കേറ്റ കെ.എൽ രാഹുലിനും ജഡേജയ്ക്കും പകരക്കാരായി ആരെ കളിപ്പിക്കും എന്നതിലും തീരുമാനമെടുക്കേണ്ടതുണ്ട്. ശ്രേയസ് അയ്യർ,യശ്വസി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ എന്നിങ്ങനെ മികവ് തെളിയിച്ച മൂന്ന് ബാറ്റർമാർ ഇന്ത്യൻ ടീമിലുണ്ട്. യുവതാരം സർഫ്രാസ് ഖാനെയാണോ രജത് പാട്ടീദാറിനെയാണോ പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്തുക എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

4. ജഡേജയ്ക്ക് പകരമായി ടീമിലുള്ള കുൽദീപ് യാദവിന് അവസരം നൽകുമെന്നാണ് പ്രതീക്ഷ. എന്നാൽ ജഡേജ സ്പിന്നർ മാത്രമല്ല ബാറ്റർ കൂടിയാണെന്നത് കൊണ്ട് ആ സ്ഥാനത്തേക്ക് വാഷിംഗ്ടൺ സുന്ദറിന് നറുക്കുവീഴാനും സാദ്ധ്യതയുണ്ട് . ഹൈദരാബാദിൽ ഇംഗ്ളണ്ട് ഒരു പേസറുമായി ഇറങ്ങിയപ്പോൾ രണ്ട് പേസർമാരുമായി ഇറങ്ങിയ മണ്ടത്തരം ഇന്ത്യ ആവർത്തിച്ചേക്കില്ല. അങ്ങനെയെങ്കിൽ സിറാജിന് പകരം കുൽദീപ് എത്തും.

5. ഇന്ത്യൻ പിച്ചുകളിൽ ബൗൾ ചെയ്യാനും ബാറ്റ് ചെയ്യാനും ഇംഗ്ളീഷുകാരും പഠിച്ചെന്ന് തെളിയിക്കുന്നതായിരുന്നു ഹൈദരാബാദിലെ കളി. ഹോം ഗ്രൗണ്ടുകളുടെ ആനുകൂല്യം വലിയതോതിൽ ഉണ്ടാവില്ല എന്നതാണ് സത്യത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. ഒല്ലി പോപ്പിനെപ്പോലെ ഒരു ബാറ്റർ പിടിച്ചുനിന്നാൽ തകിടം മറിയുന്നതാണ് മത്സരവിധി എന്ന കാര്യവും ഇന്ത്യൻ താരങ്ങൾക്ക് മുന്നറിയിപ്പാണ്.