
നമ്മുടെ പൊലീസിന്റെ വേഷം മാറിയിട്ട് കാലം കുറേയായെങ്കിലും, പഴയ കപ്പടാമീശയും ഗോപുരത്തൊപ്പിയും വിടർത്തിനിറുത്തിയ ട്രൗസറുമൊക്കെച്ചേർന്ന് സൃഷ്ടിച്ചിരുന്ന രൂപകാർക്കശ്യം, ജനങ്ങളോടുള്ള അവരുടെ പെരുമാറ്റത്തിൽ നിന്ന് തീർത്തും ഒഴിഞ്ഞുപോയിട്ടില്ലെന്നു വേണം കരുതാൻ. അതുകൊണ്ടാണല്ലോ, ജനങ്ങളോട് എടാ, പോടാ വിളി വേണ്ടെന്നും, പൊതുജനത്തോട് മാന്യമായി പെരുമാറുകയും സഭ്യമായി സംസാരിക്കുകയും വേണമെന്നും കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ആവർത്തിച്ച് സർക്കുലർ ഇറക്കേണ്ടി വന്നിരിക്കുന്നത്! വർഷങ്ങൾക്കിടെ ഇതേ കാര്യത്തിന് പത്തു തവണ സർക്കുലർ പുറപ്പെടുവിച്ച കാര്യം ഓർമ്മിപ്പിച്ചാണ്, വീണ്ടും സർക്കുലർ ഇറക്കാൻ ഡി.ജി.പിയോട് ഹൈക്കോടതി നിർദ്ദേശിച്ചത്. മുൻ സർക്കുലറുകളെല്ലാം വഴിപാടായെന്ന് ചുരുക്കം.
പൊതുസ്ഥലത്തും മറ്റും ജനങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന നിയമലംഘനങ്ങളും തർക്കങ്ങളും മറ്റും തെളിവിനായി ചിത്രീകരിക്കാൻ പൊലീസിന് അധികാരം ഉള്ളതുപോലെ, പൊലീസ് അതിക്രമങ്ങളും മാന്യമല്ലാത്ത പെരുമാറ്റവും സംസാരവും ഉൾപ്പെടെയുള്ളവ ചിത്രീകരിക്കാൻ ജനങ്ങൾക്ക് നിയമപ്രകാരമായ അവകാശമുണ്ടെന്ന് പൊലീസുകാരെ ഓർമ്മിപ്പിക്കുന്നതാണ് പുതിയ സർക്കുലറിലെ ഒരു ഭാഗം. ഇത്തരം സന്ദർഭങ്ങൾ പൊതുജനം മൊബൈൽ കാമറയിലും മറ്റും പകർത്താൻ ശ്രമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും വിരട്ടലും ഇപ്പോൾ സാധാരണമാണ്. നിയമവിധേയമായുള്ള ഇത്തരം ചിത്രീകരണങ്ങൾ തടയരുതെന്ന് സർക്കുലറിൽ പ്രത്യേക നിർദ്ദേശമുണ്ട്.
പൊലീസ് സേനയിൽ വന്നുപെട്ടിരിക്കുന്ന അച്ചടക്കരാഹിത്യം വെളിച്ചത്താക്കുന്ന പല നടപടികളും ആവർത്തിച്ച് പുറത്തുവരാറുണ്ട്. പെലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള തെറിവിളിയുടെയും കയ്യാങ്കളിയുടെയുമൊക്കെ വാർത്തകൾ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടുമുണ്ട്. അതിൽ പലതിലും നടപടിയും ഉണ്ടായിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ആലത്തൂരിൽ, ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായി പെരുമാറിയതിന് എതിരെയുള്ള ഹർജി പരിഗണിക്കുമ്പോഴാണ് പെരുമാറ്റ അച്ചടക്കം സംബന്ധിച്ച് വീണ്ടും സർക്കുലർ പുറപ്പെടുവിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചത്. തനിക്കു കീഴിലുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനാണ് ജില്ലാ പൊലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കുമുള്ള നിർദ്ദേശം.
പൊതുജനങ്ങളോട് മാന്യമായി പെരുമാറുകയും നല്ല ഭാഷയിൽ ഇടപെടുകയും ചെയ്യുന്ന എത്രയോ പൊലീസുകാർ സേനയിലുണ്ട്. അമിതാധികാര പ്രയോഗവും അശ്ലീലഭാഷയുമൊക്കെ പയറ്റി ജനത്തിനു മേൽ കുതിരകയറുന്നത് സേനയിലെ ന്യൂനപക്ഷമാകാം. പക്ഷേ, അത്തരം സംഭവങ്ങൾ മൊത്തത്തിൽ സേനയുടെ സൽപ്പേരു കെടുത്തുകയും പൊതുവായ അച്ചടക്കത്തിന് തുരങ്കംവയ്ക്കുകയും ചെയ്യുമെന്ന് മറക്കരുത്. പൊലീസുകാരുടെ നിലതെറ്റിയ പെരുമാറ്റങ്ങൾക്കു പിന്നിൽ അമിത ജോലിസമ്മർദ്ദവും മേലുദ്യോഗസ്ഥരിൽ നിന്നുള്ള മാനസിക പീഡനവും ഇതൊക്കെക്കൊണ്ടുള്ള മാനസിക പിരിമുറുക്കവുമെല്ലാം ഉണ്ടായിരിക്കാം. പരിശീലകാലത്തു മാത്രം പോരാ പൊലീസിൽ പെരുമാറ്റ മര്യാദകളെക്കുറിച്ചുള്ള ക്ളാസും, മാനസിക പിരിമുറുക്കം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കൊടുക്കുന്ന കൗൺസലിംഗും മറ്റും. സാധാരണ ജനങ്ങൾക്കുള്ള മാനസിക പിരിമുറുക്കം അവരുടെ ആരോഗ്യത്തെ മാത്രമാണ് ബാധിക്കുന്നതെങ്കിൽ, സേനാംഗങ്ങളുടെ പിരിമുറുക്കം മൂലമുള്ള പെരുമാറ്റദൂഷ്യങ്ങൾ സമൂഹത്തിന്റയാകെ ആരോഗ്യത്തെ ബാധിക്കും.
ഡി.ജി.പിയുടെ പുതിയ സർക്കുലർ ഇറങ്ങിയ അതേദിവസം തന്നെയാണ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷൻ ആയി കുറ്റിപ്പുറം സ്റ്റേഷനെ തെരഞ്ഞടുത്തത്. കേസുകളിലെ അന്വേഷണവേഗവും കുറ്റപത്രങ്ങൾ തയ്യാറാക്കുന്നതിലെ കൃത്യതയും മാത്രമല്ല, ജനങ്ങളോടുള്ള ഇടപെടലുകൾ കൂടി പരിഗണിച്ചാണ് രാജ്യത്തെ മികച്ച പത്ത് പൊലീസ് സ്റ്രേഷനുകളിലൊന്നായി കേന്ദ്രം കുറ്റിപ്പുറം സ്റ്രേഷനെ തെരഞ്ഞെടുത്തത്. ഏതു കൂരിരുട്ടിലും ഒരു തരിവെട്ടം തെളിയുമെന്ന് പറഞ്ഞതുപോലെ, നാണക്കേടിനിടയിലെ ഒരു നന്മത്തുരുത്താണ് ഈ വാർത്ത. പഴയ സിനിമകളിലെ കോമാളിക്കഥാപാത്രങ്ങളോ പിന്നത്തെ സിനിമകളിലെ ഇടിയന്ത്രങ്ങളോ ആയല്ല പൊലീസിന് ജനങ്ങൾക്കിടയിൽ സ്ഥാനം വേണ്ടത്. നിയമലംഘകരോടും കുറ്റവാളികളോടും കർക്കശഭാവം പുലർത്തുമ്പോൾത്തന്നെ, ജനങ്ങളോട് നന്നായി പെരുമാറുകയും വേണം. പുതിയ സർക്കുലറെങ്കിലും വഴിപാടു കടലാസ് അയിത്തീരില്ലെന്ന് പ്രതീക്ഷിക്കാം.