
തൃശൂര്‍: വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ തൃശൂര്‍ എംഎല്‍എ പി. ബാലചന്ദ്രനെതിരെ പാര്‍ട്ടി നടപടി. എംഎല്‍എയെ പരസ്യമായി ശാസിക്കാനാണ് പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ തീരുമാനം. രാമായണ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് പി. ബാലചന്ദ്രന്‍ പങ്കുവച്ച പോസ്റ്റ് വിവാദമായി മാറിയിരുന്നു. പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് എംഎല്‍എ ഖേദം പ്രകടിപ്പിച്ചിരുന്നു.
ഖേദം പ്രകടിപ്പിച്ചെങ്കിലും ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന വ്യക്തിയില്‍ നിന്ന് ഇത്തരത്തിലുള്ള നടപടി അംഗീകരിക്കാനാകില്ല. പാര്‍ട്ടി നിലപാടുകള്‍ക്ക് യോജിക്കാത്ത വിധം ഗുരുതരമായ അച്ചടക്ക ലംഘനമാണ് എംഎല്‍എയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പാര്‍ട്ടി വിലയിരുത്തി.
തുടര്‍ന്നാണ് പി. ബാലചന്ദ്രന് എതിരേ നടപടി സ്വീകരിക്കാന്‍ ജില്ലാ കൗണ്‍സില്‍ തീരുമാനിച്ചത്. നേരത്തെ റവന്യൂ മന്ത്രി കെ രാജനും എംഎല്‍എയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു.
വി.എസ്. പ്രിന്‍സ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ കെ.പി. രാജേന്ദ്രന്‍, സി.എന്‍. ജയദേവന്‍ എന്നിവരും ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജും പങ്കെടുത്തു.
വ്യക്തികളുടെ വിശ്വാസപ്രമാണങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ആദരിക്കുകയും വ്യക്തിസ്വാതന്ത്ര്യത്തെ വിലമതിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഐയെന്നും ഫേ്സ്ബുക്ക് പോസ്റ്റ് വിഷയത്തില്‍ നേരത്തെ പാര്‍ട്ടി ഖേദപ്രകടനം നടത്തിയിരുന്നതായും കെ.കെ. വത്സരാജ് അറിയിച്ചു.