sdpi

ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച ജഡ്ജിന് ഭീഷണി. കൊലപാതകക്കേസിലെ പ്രതികളായ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വധ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് വി.ജി ശ്രീദേവിക്ക് സമൂഹമാദ്ധ്യമങ്ങള്‍ വഴി ഭീഷണി ഉയര്‍ത്തുന്നത്.

ഇതേത്തുടര്‍ന്ന് ജഡ്ജിക്ക് സുരക്ഷ ശക്തമാക്കി. സബ് ഇന്‍സ്‌പെക്ടര്‍ അടക്കം അഞ്ച് പൊലീസുകാരുടെ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസമാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. ആദ്യഘട്ട വിചാരണ നേരിട്ട 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു.

സുരക്ഷ ഏര്‍പ്പെടുത്തിയതിന് പുറമേ ഭീഷണി ഉയര്‍ത്തിയ അക്കൗണ്ടുകള്‍ പൊലീസും സൈബര്‍ സെല്ലും നിരീക്ഷിക്കുന്നുമുണ്ട്. സമാനമായ രീതിയിലുള്ള പോസ്റ്റുകളും കമന്റുകളും ചെയ്തിരിക്കുന്ന അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. ഷാന്‍ വധക്കേസില്‍ വിചാരണ ആരംഭിക്കാത്തത് പറഞ്ഞ് വര്‍ഗീയ ദ്രുവീകരണത്തിനും വിദ്വേഷം പടര്‍ത്താനും ശ്രമിക്കുന്ന പോസ്റ്റുകളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് ആദ്യമായാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് നിരീക്ഷിച്ച കോടതി കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നു. 2021 ഡിസംബര്‍ 19ന് രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നൈസാം,അജ്മല്‍,അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ മൂന്നുപേരുമാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നേരിട്ടവര്‍.