img20240131

മുക്കം (കോഴിക്കോട്): നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമയ്‌ക്ക് ദാരുണാന്ത്യം. മുക്കം അഭിലാഷ്, അന്ന, അഗസ്ത്യൻ മുഴി റോസ്, ലിറ്റിൽ റോസ്, കോഴിക്കോട് എ.ആർ.സി കോറണേഷൻ തിയേറ്ററുകളുടെ ഉടമ മുക്കം മൂത്തേരി കിഴുക്കാരക്കാട്ട് കെ.ഒ. ജോസഫിനാണ് (അഭിലാഷ് കുഞ്ഞേട്ടൻ-75) മലപ്പുറം ചങ്ങരംകുളത്തുള്ള കെട്ടിടത്തിൽ നിന്ന് വീണു മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പതിനായിരുന്നു അപകടം. കൊച്ചിയിൽ തിയേറ്റർ ഉടമകളുടെ സംഘടനയുടെ (ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് കേരള) യോഗത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ചങ്ങരംകുളത്ത് നിർമ്മിക്കുന്ന തിയേറ്ററിന്റെ (മാർസ്അവന്യു) ഒന്നാം നിലയിൽ സംസാരിച്ചു കൊണ്ടു നിൽക്കുന്നതിനിടെ അബദ്ധത്തിൽ താഴോട്ട് വീഴുകയായിരുന്നു. ഉടൻ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് 2.30ന് മുക്കം സേക്രഡ് ഹാർട്ട് ചർച്ചിന്റെ കല്ലുരുട്ടി സെമിത്തേരിയിൽ.

ഭാര്യ: സിസിലി ജോസഫ് മുണ്ടന്താനം. മക്കൾ: സിജോ ജോസഫ്, സന്ദീപ് ജോസഫ് (ടോട്ടൽ ബിൽഡ് മാർട്ട് മുക്കം), ഡോ. സജീഷ് ജോസഫ് (അഭിലാഷ് ഡെന്റൽ കെയർ,​ മുക്കം), ജസീന ജോസഫ് (അദ്ധ്യാപിക, രാജഗിരി കോളേജ് എറണാകുളം). മരുമക്കൾ: ബിജോയ് പോത്തൻ നെടുംപുറം (സീനിയർ മാനേജർ, ശോഭ ലിമിറ്റഡ് തൃശൂർ), അനീറ്റ ജേക്കബ് കരിപ്പാ പറമ്പിൽ (മണ്ണാർക്കാട്), ഡോ. സൗമ്യ മാനുവൽ ചീരാൻ കുഴിയിൽ.